𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

മിസൈലു പോലും തൊടില്ല, കൂരിരുട്ടിലും കരുത്താകുന്ന റഷ്യൻ ഹെലികോപ്ടർ;

വെബ് ഡസ്ക് :-കനത്ത മൂടൽമഞ്ഞാകാം സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെടാനുള്ള കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അല്ലെങ്കിൽ താഴ്‍ന്നു പറന്നപ്പോൾ മരത്തിൽ ഇടിച്ചത്. അട്ടിമറി സാധ്യതയും കേന്ദ്രം തള്ളിക്കളയുന്നില്ല. തമിഴ്‍നാട്ടിലെ കുനൂരിലായിരുന്നു അപകടം. സംഭവ സമയത്ത് മൂടൽമഞ്ഞും മഴയും ശക്തമായിരുന്നു. ‍‍എന്നാൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടറിനെക്കുറിച്ച് വിശദമായി അറിഞ്ഞാൽ മനസ്സിലാകും അത് ഇന്ത്യൻ പ്രതിരോധ മേഖലയെ സംബന്ധിച്ചിടത്തോളം എത്രമാത്രം കരുത്തുറ്റതും വിശ്വസനീയവും പ്രധാനപ്പെട്ടതുമാണെന്ന്. മാത്രവുമല്ല, ഹെലികോപ്ടർ തകരാനുള്ള കാരണമായി ഇപ്പോൾ പറഞ്ഞിരിക്കുന്നതിനെയെല്ലാം പ്രതിരോധിക്കാനുള്ള ശേഷിയും എംഐ–17വി–5 എന്ന ഈ ഹെലികോപ്ടറിനുണ്ട്.രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിഐപികളുടെ യാത്രകൾക്ക് ഉപയോഗിക്കുന്നതാണ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്ത എംഐ–17വി–5 ഹെലികോപ്ടറുകൾ. സൈനിക നീക്കത്തിനൊപ്പം യുദ്ധരംഗത്തു പിന്തുണ നല്‍കാനും ആയുധങ്ങള്‍ എത്തിക്കാനും നിരീക്ഷണത്തിനും കോണ്‍വോയ് അടിസ്ഥാനത്തിലെ നീക്കങ്ങളില്‍ എസ്കോര്‍ട്ട് ആയും രക്ഷാദൗത്യത്തിലുമൊക്കെ ഉപയോഗിക്കുന്നതാണിത്. ഇരട്ട എന്‍ജിനുകൾ ഉള്ളതിനാൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഇരട്ടമികവും. ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത സൈനിക വാഹനങ്ങളിലൊന്നാണ് എംഐ–17വി–5 എന്നു പറഞ്ഞാലും തെറ്റില്ല. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ മിലിട്ടറി–ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകള്‍ക്കൊപ്പമാണ് ഇത് പരിഗണിക്കപ്പെടുന്നതും.

ഭാരം വഹിക്കും, വെള്ളത്തിലിറങ്ങും!

ഇടത്തരം ലിഫ്റ്റ് വിഭാഗത്തില്‍ ഇടംപിടിക്കുന്ന ഈ ഹെലികോപ്റ്ററിന്റെ അകത്തളത്തിലെന്ന പോലെ സ്ലിങ്ങില്‍ തൂക്കിയ നിലയിലും സാധന സാമഗ്രികള്‍ കൊണ്ടുപോകാനാവും. അതായത് അകത്തും പുറത്തും ചരക്കുനീക്കത്തിനു സഹായകരം. പരമവധി 13,000 കിലോഗ്രാം ഭാരം വരെ വഹിച്ചു പറന്നുയരാന്‍ മി-17വി–ഫൈവിനു സാധിക്കും. അതുകൊണ്ടുതന്നെ യുദ്ധസജ്ജരായ 36 സൈനികര്‍ക്കു മി-17 –ഫൈവില്‍ യാത്ര ചെയ്യാം.

സ്ലിങ്ങില്‍ തൂക്കിയിട്ട നിലയിലാവട്ടെ 4000- 4500 കിലോഗ്രാം ഭാരം വഹിക്കാനും ഈ ഹെലികോപ്റ്ററിനാവും.തന്ത്രപ്രധാന ആക്രമണങ്ങളിൽ സൈനികരെ നിശ്ചിത പോയിന്റുകളിൽ താഴേക്ക് ഇറക്കാനും പരുക്കേറ്റവരെ തിരികെ കൊണ്ടുപോകാനുള്ള എയർ ആംബുലൻസ് ആയുമെല്ലാം എംഐ–17വി–5 സഹായകരമാണ്. ഗതാഗതം സാധ്യമാകാത്ത, കഠിനമായ പ്രദേശങ്ങളിൽ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും കാട്ടു തീ കെടുത്താനുമെല്ലാം ഇവ ഉപയോഗിച്ചിട്ടുണ്ട്. അടിയന്തിരഘട്ടത്തില്‍ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കാനുള്ള ഫ്ലോട്ടേഷന്‍ സിസ്റ്റവും മി-17വി ഫൈവില്‍ സജ്ജീകരിക്കാനാവും.ക്ലിമോവ് ടിവി 3-117 വി എം അല്ലെങ്കില്‍ വികെ-2500 ടര്‍ബോ ഷാഫ്റ്റ് എന്‍ജിനാണു മി-17 വി ഫൈവിനു കരുത്തേകുന്നത്. ടിവി3-117 വിഎം പരമാവധി 2200 എച്ച്പി കരുത്ത് സൃഷ്ടിക്കുമ്പോള്‍ ഈ എന്‍ജിന്റെ പരിഷ്കരിച്ച പതിപ്പായ വികെ-2500 സൃഷ്ടിക്കുക 2400 എച്ച്പി വരെ കരുത്താണ്. ഫുള്‍ അതോറിറ്റി ഡിജിറ്റല്‍ കണ്‍ട്രോള്‍ സിസ്റ്റവും(എഫ്എ ഡിഇസി) ഈ പരിഷ്കരിച്ച എന്‍ജിന്റെ സവിശേഷതയാണ്.ഇരട്ട എന്‍ജിനുള്ള ഹെലികോപ്റ്ററാണെന്നതിനു പുറമേ ഒറ്റ എന്‍ജിനെ മാത്രം ആശ്രയിച്ചു പറക്കാനും ലാന്‍ഡ് ചെയ്യാനുമുള്ള ക്ഷമതയും മി 17-വി ഫൈവിനെ കൂടുതല്‍ സുരക്ഷിതമാക്കുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കുന്ന മി-17 വി–ഫൈവിന്റെ പരമാവധി സഞ്ചാര പരിധി (റേഞ്ച്) സാധാരണ ഗതിയില്‍ 580 കിലോമീറ്ററാണ്. എന്നാല്‍ രണ്ട് അനുബന്ധ ഇന്ധന ടാങ്കുകള്‍ കൂടി ഉപയോഗിക്കുന്ന പക്ഷം സഞ്ചാര പരിധി 1065 കിലോമീറ്ററായി ഉയര്‍ത്താനാവും. പരമാവധി 6000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനും മി-17വി– ഫൈവിനു സാധിക്കും.

മിസൈലുകൾ തടുക്കും, ബോംബിങ്ങും വെടിവയ്പും

ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനുള്ള സംവിധാനവും ഹെലികോപ്ടറിൽ സജ്ജം. കോക്ക്പിറ്റിൽനിന്ന് ആയുധങ്ങൾ പ്രയോഗിക്കാനാകും. താപം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന തരം ‘ഹീറ്റ്–സീക്കിങ്’ മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനവുമായി എത്തുന്ന മി–17വി–ഫൈവിന്റെ ആയുധശേഖരത്തില്‍ അണ്‍ഗൈഡഡ് റോക്കറ്റുകളും തോക്കുകളും ബോംബുകളും ചെറു പീരങ്കിയടക്കമുള്ള ആയുധങ്ങളുമുണ്ട്.സ്വയം പ്രതിരോധത്തിനുള്ള ഈ ആയുധശേഖരത്തിനു പുറമെ ഉപഗ്രഹ നാവിഗേഷന്‍ സംവിധാനത്തിന്റെ പിന്‍ബലത്തില്‍ കൃത്യതയാര്‍ന്ന ആക്രമണപാടവവും മി–17വി–ഫൈവിന്റെ മികവായി പരിഗണിക്കപ്പെടുന്നു. എക്സോസ്റ്റ് സപ്രഷന്‍ സിസ്റ്റം, ആന്റി–ബാലിസ്റ്റിക് മിസൈൽ സിസ്റ്റം, ഫ്ലെയർ ഡിസ്പെൻസ് ഡിവൈസ്, ഹെലികോപ്ടർ പ്രൊട്ടക്‌ഷൻ ആർമർ, താഴ്ന്നു പറക്കുമ്പോൾ അപകടമുണ്ടാകാതിരിക്കാനുള്ള വയർ സ്ട്രൈക്ക് പ്രൊട്ടക്‌ഷൻ സിസ്റ്റം എന്നിവയും എംഐ–17വി–5ലുണ്ട്.

ഏതു ഭൂപ്രകൃതിയിലും കാലാവസ്ഥയിലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പ്രവര്‍ത്തനക്ഷമമാണെന്നതാണു മി17-വി ഫൈവിന്റെ പ്രധാന സവിശേഷതയായി പരിഗണിക്കപ്പെടുന്നത്. ഉഷ്ണപ്രദേശത്തും സമുദ്രമേഖലയിലും മരുപ്രദേശത്തുമൊക്കെ ഈ ഹെലികോപ്റ്റര്‍ വിജയകരമായി വിന്യസിക്കാം. ഉയര്‍ന്ന താപനിലയും ഉയരമേറിയ മേഖലകളുമൊന്നും മി 17-വി ഫൈവിന്റെ കാര്യക്ഷമതയ്ക്കു വെല്ലുവിളി സൃഷ്ടിക്കുന്നില്ല.ആക്രമണവും പ്രതിരോധവും ചരക്കുനീക്കവുമൊക്കെ സമന്വയിക്കുന്ന വൈവിധ്യമാര്‍ന്ന ദൗത്യങ്ങള്‍ സാധ്യമാണെന്നതും മി 17-വി ഫൈവിന്റെ പ്രത്യേകതയായി കരുതപ്പെടുന്നു. രാത്രികാലങ്ങളിലും പരിമിതമായ സൗകര്യങ്ങളിലും ഒരളവുവരെ പ്രതികൂല സാഹചര്യങ്ങളിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനാവുമെന്നതും മി 17-വി ഫൈവിന്റെ മികവാണ്. പൈലറ്റിന് രാത്രിക്കാഴ്ച ഉറപ്പാക്കാനുള്ള നൈറ്റ് വിഷൻ സംവിധാനവുമുണ്ട്. ആവശ്യമെങ്കിൽ വെള്ളത്തിൽ ഇറക്കാവുന്ന വേരിയന്റും റഷ്യ പുറത്തിറക്കിയിട്ടുണ്ട്.

എൻജിനീയറിങ് മികവ്

നിർമാണ വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ എൻജിനീയറിങ് മികവിന്റെ പര്യായം എന്നുതന്നെ വിശേഷിപ്പിക്കാവുന്നതാണ് എംഐ–17വി–5 എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങളാലാണ് ബിപിൻ റാവത്തിന്റെ യാത്രയിൽ വിശ്വസ്തനായ ഈ ഹെലികോപ്ടർ തന്നെ തിരഞ്ഞെടുത്തതും. 2008ലാണ് റഷ്യയുടെ റോസോബോറോനെക്സ്പോർട്ടുമായി ഈ ഹെലികോപ്ടറിനു വേണ്ടി ഇന്ത്യ കരാറൊപ്പിടുന്നത്.

റഷ്യയിലെ ആഭ്യന്തര വിപണിയിൽ എംഐ–8എംടിവി–5 എന്നാണിതിനു പേര്. റഷ്യയുടെ എംഐ–8/17 ശ്രേണിയിലെ ഹെലികോപ്ടറുകളിൽ ഏറ്റവും മികവുറ്റവയിൽ ഒന്നായാണ് ഇവയെ കണക്കാക്കുന്നത്. അതായത് ഏറ്റവും പുതിയ തലമുറ സാങ്കേതികവിദ്യയോടു കൂടിയത്. മുന്‍ മോഡലായ മി–8ന്റെ എയര്‍ ഫ്രെയിം ആധാരമാക്കിയാണു മി-17 വി–5ന്റെയും രൂപകല്‍പന. അതുകൊണ്ടുതന്നെ മുന്‍ഗാമികളുടെ തകര്‍പ്പന്‍ പ്രകടനക്ഷമത മി-17 വി– ഫൈവിനും സ്വന്തമാണ്.ഹെലികോപ്റ്ററിന്റെ വലുപ്പമേറിയ അകത്തളത്തിലെ വിസ്തീര്‍ണം 12.5 ചതുരശ്ര മീറ്ററാണ്; സംഭരണ വ്യാപ്തി 23 ക്യുബിക് മീറ്ററും. പാര്‍ശ്വങ്ങളിലെ വാതിലുകളും പിന്‍ഭാഗത്തെ റാംപും ചേരുന്നതോടെ സൈനികരുടെ നീക്കം മാത്രമല്ല സാധന സാമഗ്രികളുടെ കയറ്റിറക്കവും ആയാസരഹിതമാവുന്നു. വലതുഭാഗ(ത്ത് സ്റ്റാര്‍ ബോഡ്) ദീര്‍ഘിപ്പിക്കാവുന്ന സ്ലൈഡിങ് ഡോറിനു പുറമെ പടക്കോപ്പും പാരച്യൂട്ട് ഉപകരണങ്ങളും സേർച്ച് ലൈറ്റും ഫോര്‍വേഡ് ലുക്കിങ് ഇന്‍ഫ്രാറെഡ് സിസ്റ്റവും (എഫ്എല്‍ഐആര്‍) ഘടിപ്പിക്കാനുള്ള സജ്ജീകരണവും ഹെലികോപ്റ്ററിലുണ്ട്.വൈമാനികര്‍ക്കു മികച്ച പിന്തുണയ്ക്കായി അത്യാധുനിക ഏവിയോണിക്സ് സ്യൂട്ടാണ് ഗ്ലാസ് കോക്പിറ്റുമായെത്തുന്ന മി-17വി–ഫൈവിലുള്ളത്. നാലു മള്‍ട്ടി ഫംക്‌ഷന്‍ ഡിസ്‌പ്ലേ(എംഎഫ്ഡി), രാത്രികാല കാഴ്ച മെച്ചപ്പെടുത്താനുള്ള ഉപകരണങ്ങള്‍, കാലാവസ്ഥാ നിരീക്ഷണ റഡാര്‍, ഓട്ടോപൈലറ്റ് എന്നിവയും ഹെലികോപ്റ്ററിലുണ്ട്. ഇന്ത്യന്‍ വ്യോമസേനയിലെത്തിയ മി-17 വി–ഫൈവിലാവട്ടെ നാവിഗേഷനും ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ക്യൂവിങ് സംവിധാനവും മെച്ചപ്പെടുത്താന്‍ കെഎന്‍ഇഐ-എട്ട് ഏവിയോണിക് സ്യൂട്ടും ഘടിപ്പിച്ചിരുന്നു.

ഇന്ത്യയിലേക്കുള്ള വരവ്

കസാൻ ഹെലികോപ്ടേഴ്സ് ആയിരുന്നു ഇത് ഡിസൈൻ ചെയ്തു പുറത്തിറക്കിയത്. റഷ്യൻ ഹെലികോപ്ടേഴ്സ് എന്ന കമ്പനിയുടെ ഉപ കമ്പനിയാണിത്. ഇവരുമായി എംഐ–17വി–5 മോഡൽ ഹെലികോപ്ടറുകൾ 80 എണ്ണം വാങ്ങാനായിരുന്നു 2008 ഡിസംബറിലെ ഇന്ത്യയുടെ കരാർ. 130 കോടി ഡോളറിന്റെ കരാർ പ്രകാരം 2011ൽ ആദ്യ ബാച്ച് ഹെലികോപ്ടറുകൾ എത്തി. 2013ഓടെ 36 ഹെലികോപ്ടറുകളും.