കോഴിക്കോട് :-അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ മർകസ് നോളജ് സിറ്റിയിലെ മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്താന്‍ കോടഞ്ചേരി പഞ്ചായത്ത് നടപടി തുടങ്ങി. പ്രദേശത്തെ നിർമ്മാണങ്ങൾ നിയമാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് പഞ്ചായത്തധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പരിക്കേറ്റ് ചികിത്സയിലുള്ള 23 പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2021 ഏപ്രിലിലാണ് ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്‍റർനാഷണലെന്ന സ്ഥാപനത്തിനായുള്ള കെട്ടിടത്തിന്‍റെ നിർമാണ അനുമതിക്കായി മർകസ് നോളജ് സിറ്റി അധികൃതർ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. തുടർന്ന് എഞ്ചിനീയറിംഗ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി, നിർമാണം നിയമാനുസൃതമല്ലെന്ന് കണ്ടെത്തി അനുമതി നിഷേധിച്ചു. ശേഷം കഴിഞ്ഞ നവംബറില്‍ നോളജ് സിറ്റി അധികൃതർ വീണ്ടും അപേക്ഷ നല്‍കിയെങ്കിലും നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. പ്രാഥമിക അനുമതി പോലും നേടാതെ കുന്നിടിച്ചു നിർമ്മിച്ച ബഹുനില കെട്ടിടം കൂടാതെ സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും ഇനി വിശദമായ പരിശോധന നടത്താനാണ് പഞ്ചായത്തിന്‍റെ തീരുമാനം. സുരക്ഷാ മുന്‍കരുതലുകൾ സജ്ജീകരിച്ചിട്ടുണ്ടോയെന്നും ഉറപ്പുവരുത്തും. തകർന്ന കെട്ടിടത്തിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ ഇന്നലെതന്നെ രേഖാമൂലം കൈമാറി.
അനധികൃത നിർമ്മാണം തടയാന്‍ എന്തുകൊണ്ട് അപകടംവരെ വൈകിയെന്ന വിമർശനങ്ങൾക്ക് ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിന്‍റെ മറുപടി.പഞ്ചായത്തിന്‍റെ പ്രാഥമിക അനുമതിപോലും നേടാതെയാണ് സ്കൂളിനുവേണ്ടിയുള്ള ബഹുനില കെട്ടിടം നിർമ്മിച്ചതെന്നതാണ് ഗുരുതര പ്രശ്നം. തോട്ടഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന വിവാദങ്ങൾ വീണ്ടും ചൂടുപിടിപ്പിക്കുന്നതാണ് ഈ അപകടം.
അനധികൃതമായി തോട്ടഭൂമി തരംമാറ്റിയാണ് നോളജ് സിറ്റിയിലെ ഏക്കറുകണക്കിന് ഭൂമിയിലെ നിർമ്മാണങ്ങളെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് ആരുണ്ട് ചോദിക്കാന്‍ പരമ്പരയിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഈ പശ്ചാത്തലത്തില്‍ നോളജ് സിറ്റിയുമായി ബന്ധപ്പെട്ട പരിഗണനയിലുള്ളതടക്കമുള്ള അപേക്ഷകൾക്ക് റവന്യൂ വകുപ്പിന്‍റെകൂടി അനുമതി ലഭിച്ചാല്‍ മാത്രമേ അന്തിമ അനുമതി നല്‍കേണ്ടതുള്ളൂവെന്നാണ് പഞ്ചായത്തിന്‍റെ തീരുമാനം.