വെബ് ഡസ്ക് :-പഞ്ചാബില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തിന് പിന്നാലെ മോദിക്ക് പ്രാര്‍ത്ഥന സന്ദേശവുമായി എത്തിയ പ്രമുഖ വ്യവസായി എംഎ യൂസഫലിക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്ത്.നേരത്തെ എം എസ് എഫും എം എ യൂസഫലിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെ പരിഹസിക്കുകയാണ് യൂസഫലി ചെയ്യുന്നതെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി പറഞ്ഞു. ഇതിന് പിന്നാലെയാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനവും.
കേന്ദ്ര മന്ത്രിയുടെ മകന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയപ്പോള്‍ താങ്കള്‍ക്ക് ദു:ഖം ഉണ്ടായില്ല. കൂടെപ്പിറപ്പുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ അതിനുത്തരവാദിയായ പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയപ്പോള്‍ താങ്കള്‍ക്ക് താങ്ങനാകാത്ത ദു:ഖമാണെന്ന് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,
രാജ്യത്ത് ബീഫ് കഴിച്ചതിന്റെ പേരില്‍ ആളുകളെ തല്ലി കൊല്ലുമ്ബോള്‍ ശ്രി യൂസഫലി അങ്ങ് പ്രതികരിച്ചില്ല. രാജ്യത്ത് കര്‍ഷകര്‍ നിലനില്‍പ്പിന് വേണ്ടി പോരാടിയപ്പോള്‍ അതില്‍ 700 ഓളം കര്‍ഷകര്‍ രക്തസാക്ഷികളായപ്പോള്‍ താങ്കള്‍ പ്രതികരിച്ചില്ല? ബിജെപി നേതാവായ കേന്ദ്ര മന്ത്രിയുടെ മകന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയപ്പോള്‍ താങ്കള്‍ക്ക് ദു:ഖം ഉണ്ടായില്ല.
അവരൊക്കെ പാവങ്ങള്‍ അല്ലേ? അവരുടെ കണ്ണീരിനും ചോരയ്ക്കും വിലയില്ലല്ലോ? കൂടെപ്പിറപ്പുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ അതിനുത്തരവാദിയായ പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയപ്പോള്‍ താങ്കള്‍ക്ക് താങ്ങനാകാത്ത ദു:ഖം . ഈ പ്രധാനമന്ത്രി മുഖ്യമന്ത്രിയായ ഗുജറാത്തില്‍ നടത്തിയ വംശഹത്യ അങ്ങ് മനപ്പൂര്‍വ്വം മറന്നു പോയതാണോ? ഏതായാലു യു പി യില്‍ അങ്ങ് ആരംഭിക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന് എല്ലാം ആശംസകളും നേരുന്നു- റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, യൂസഫലിക്കെതിരെ രൂക്ഷവിമര്‍ശനമാണ് എം എസ് എഫ് ഉന്നയിച്ചത്. താങ്കള്‍ക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും എന്നാല്‍ വര്‍ഗീയ,ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ലെന്ന് ടിപി അഷ്റഫലി പറഞ്ഞു.
മോദിയെ പഞ്ചാബില്‍ തടഞ്ഞവര്‍ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്ബ്, നെല്‍പാടങ്ങള്‍ അവര്‍ക്ക് നല്‍കണം, ഞങ്ങള്‍ ഈ മണ്ണിന്റെ ഉടമകളായ കര്‍ഷകരാണെന്ന് പറഞ്ഞാണ്. പ്രാര്‍ത്ഥന നടത്താന്‍ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ള സമരം- ടിപി അഷ്റഫലി ഫേസ്ബുക്കില്‍ കുറിച്ചു
You must log in to post a comment.