വെബ് ഡസ്ക് :-ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എടപ്പാളിലെ മേൽപാലം ശനിയാഴ്ച നാടിന് സമർപ്പിക്കുകയാണ്. പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വലിയ ആഘോഷവും പ്രചാരണങ്ങളുമാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്.
പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ‘ഓടാം ഇനി കൂടുതൽ ഉയരത്തിൽ, വണ്ടിയായാലും സംഘിയായാലും’ എന്ന കമന്‍റോടെയാണ് ഉദ്ഘാടന വിവരം എം.എം. മണി പങ്കുവെച്ചിട്ടുള്ളത്. പാലത്തിന് മുകളിലൂടെ സംഘ്പരിവാർ പ്രവർത്തകൻ ഓടുന്നതായും ചിത്രത്തിൽ കാണിക്കുന്നുണ്ട്.
2019ല്‍ ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലൂടെയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമാകുന്നത്. എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളുമായി റാലി നടത്തിയ ബി.ജെ.പി, സംഘ്പരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിക്കുകയും ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടുന്ന ദൃശ്യങ്ങളുമാണ് വലിയ രീതിയില്‍ വൈറലായത്.
എടപ്പാള്‍ ടൗണില്‍ സംഘടിച്ചുനിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് 2019 ജനുവരി മൂന്നിന് സംഘര്‍ഷമുണ്ടായത്. ബൈക്കിലെത്തിയവരെ എതിര്‍വിഭാഗം വളഞ്ഞിട്ട് അടിച്ചതോടെ ആദ്യമെത്തിയവര്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടി പോകുകയായിരുന്നു. ഈ സംഘര്‍ഷം ‘എടപ്പാള്‍ ഓട്ടം’ എന്ന പേരില്‍ പിന്നീട് ട്രോളന്‍മാര്‍ ആഘോഷമാക്കി. ഇത് കടമെടുത്താണ് ഇപ്പോൾ എം.എം. മണി പോസ്റ്റ് ചെയ്തിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് എടപ്പാൾ മേൽപാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി വി. അബ്ദുറഹിമാൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. മേൽപാലത്തിൽ തൃശൂർ റോഡിന് സമീപം നാട മുറിച്ച ശേഷം കുറ്റിപ്പുറം റോഡിൽ സജ്ജീകരിച്ച വേദിയിൽ ഔദ്യോഗിക ഉദ്ഘാടനം നടക്കും.
എടപ്പാൾ മേൽപാലം
ബാൻഡ് വാദ്യങ്ങളും മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് മോടി കൂട്ടും. തുടർന്ന് മധുര-പായസ വിതരണവും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും വർണ ബൾബുകൾകൊണ്ട് അലങ്കരിച്ചിരുന്നു.
250 മീറ്റർ നീളവും 7.4 മീറ്റർ വീതിയുമുള്ള പാലം രണ്ടര വർഷംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. പാലത്തിന് താഴെ വാഹനങ്ങൾക്ക് തൽക്കാലികമായി നിർത്തിയിടാൻ പ്രത്യേക ഇടമുണ്ട്. ടൗണിൽ സിഗ്നൽ സംവിധാനവും നിരീക്ഷണ കാമറകളും പൊലീസ് എയ്ഡ് പോസ്റ്റും ഒരുക്കിയിട്ടുണ്ട്.