മനസ്സിലാക്കി കളിച്ചാൽ മതി’ ; കട തുറക്കില്ല ,നിയമ ലംഘനം എങ്ങനെ നേരിടണമെന്ന് അറിയാം, മുഖ്യമന്ത്രി.

ന്യൂസ് ഡെസ്‌ക് :സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനിൽക്കില്ലെന്നും വ്യാഴാഴ്ച ഉൾപ്പെടെ കടകൾ തുറക്കുമെന്നുമുള്ള വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നിൽക്കുകയും ചെയ്യുന്നു. എന്നാൽ അവർ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ല. സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എ, ബി, സി വിഭാഗങ്ങളിലുള്ള, നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക് എട്ട് മണി വരെ പ്രവർത്തനാനുമതി നൽകും. ഇലക്ട്രോണിക്സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. ഓൺലൈൻ പഠനം നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സഹായകമാകുന്നതിനാണ് ഇത്തരമൊരു നടപടി.

സംസ്ഥാനത്ത് തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് അനുമതി നൽകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കും. രണ്ടരലക്ഷം സാമ്പിൾ വരെ പരിശോധിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും പൊതുജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply