Site icon politicaleye.news

ഫണ്ടില്‍നിന്ന് 19 ലക്ഷം രൂപയുടെ തിരിമറി;മുന്‍ വ്യവസായവികസനഓഫീസറെ പിരിച്ചുവിട്ടു;

തൃശ്ശൂർ: സർക്കാർ ഫണ്ടിൽനിന്ന് 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മുൻ ജില്ലാ വ്യവസായവികസന ഓഫീസറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തൃശ്ശൂരിൽ വ്യവസായവികസന ഓഫീസറായും പിന്നീട് വടകര വ്യവസായകേന്ദ്രത്തിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറായും ജോലിചെയ്തിരുന്ന പത്തനംതിട്ട അടൂർ ഏഴംകുളം പണിക്കശ്ശേരിയിൽ ബിന്ദുവിനെ(47)യാണ് പിരിച്ചുവിട്ടത്. ഈ കേസിൽ ഒന്നര വർഷം മുൻപ് അറസ്റ്റിലായിരുന്നു.



തൃശ്ശൂർ ജില്ലാ വ്യവസായകേന്ദ്രത്തിൽ ലിക്വിഡേറ്ററായി ജോലിചെയ്യുമ്പോൾ ഇന്ത്യൻ കോഫി ഹൗസുകളിലെ ഭരണം നിയന്ത്രിക്കാൻ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചത് ബിന്ദുവിനെയായിരുന്നു. പിന്നീട് തൃശ്ശൂർ ടൗൺ വനിതാ വ്യവസായ സഹകരണസംഘം ലിക്വിഡേറ്ററായിരിക്കെയാണ് സ്വന്തം അക്കൗണ്ടിലേക്ക് 19 ലക്ഷം രൂപ മാറ്റിയത്. ഇത് കണ്ടുപിടിക്കപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലിക്വിഡേറ്ററുടെ പേരിൽ തൃശ്ശൂർ അയ്യന്തോൾ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ 22. 8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശ്ശൂർ ടൗൺ വനിതാ വ്യവസായകേന്ദ്രത്തിന്റെ സ്ഥലം തൃശ്ശൂർ കോർപ്പറേഷന് വിറ്റതിന്റെ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നു കണ്ടെത്തി.



വകുപ്പുതലത്തിൽ പരിശോധന വന്നപ്പോൾ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപയാണ്. തുടർന്ന് വ്യവസായ വാണിജ്യ ഡയറക്ടർ ഇത് കാണിച്ച് ബിന്ദുവിന് നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ സസ്പെൻഡ് ചെയ്തു. സസ്പെൻഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ ഉന്നതതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായിരുന്നു. കോഴിക്കോട് ജില്ലയിലേക്കുള്ള സ്ഥലം മാറ്റലിൽ മാത്രമായി നടപടി ഒതുങ്ങി. അറസ്റ്റിലായതോടെ വീണ്ടുംസസ്പെൻഷനിലായിരുന്നു.


Exit mobile version