വെബ് ഡസ്ക്:- കൊടകര കള്ളപ്പണക്കേസില്‍ കുറ്റപത്രം ജൂലൈ 24ന് സമര്‍പിക്കും. 22 പ്രതികള്‍ ആകെയുള്ള കേസില്‍ ഒരു ബിജെപി നേതാവു പോലുമില്ല. കെ സുരേന്ദ്രന്‍ ഉള്‍പെടെയുള്ളവരെ സാക്ഷികളാക്കണോ എന്ന കാര്യം ആലോചിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്‌തെങ്കിലും ഇവരില്‍ ഒരാള്‍ പോലും പ്രതിയാകില്ല എന്നാണ് റിപ്പോര്‍ട്ട്്.
കുറ്റപത്രത്തില്‍ പ്രധാനമായും ആവശ്യമുന്നയിക്കുക, കേസ് ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (Prevention of Money Laundering Act) ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയില്‍ ആവശ്യപ്പെടുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14ന് സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
ഇത് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കണക്കാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെരഞ്ഞെടുപ്പിന് ഈ പണം ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. എന്നാല്‍ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്.

Leave a Reply