വെബ് ഡസ്ക് :-എറണാകുളം കിഴക്കമ്പലം കിറ്റക്സില്‍ നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബെന്നി ബെഹനാന്‍ എം പി.
കിറ്റക്സില്‍ നടന്നത് താലിബാന്‍ മോഡല്‍ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനായില്ലെന്ന് സംശയിക്കുന്നുവെന്നും പൊലീസിന് തന്നെ നാണക്കേടാണിതെന്നും അദ്ദേഹം പറഞ്ഞു.കേരള ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബര്‍ ക്യാംപില്‍ ലഹരി വസ്തുക്കള്‍ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനല്‍ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനി ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം. കിറ്റെക്‌സിലെ മലിനീകരണ സമരത്തിനെതിരെ തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു 2012 ല്‍ പൊലീസ് കേസ് എടുത്തിരുന്നുവെന്നും എംപി പറഞ്ഞു.
അതേസമയം എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ നടത്തിയ ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് പരിശോധനയ്ക്കായി കേന്ദ്ര ഇന്റലിജിന്‍സ് സംഘം സ്ഥലത്തെത്തി. അക്രമികളെല്ലാം ഉത്തര-കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരായതിനാലാണ് ഇവര്‍ക്കിടയില്‍ തീവ്രവാദ ബന്ധമുള്ള ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുന്നത്.
2019ല്‍ മണ്ണൂരില്‍വച്ച്‌ ബോഡോ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തില്‍ ഇവിടെ ഒളിവില്‍ കഴിയുന്നവരായിരുന്നു അന്ന് അറസ്റ്റിലായത്. അതിന് സമാനമായി ആരെങ്കിലും ഈ സംഘത്തിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം പതിവായി ലഹരി ഉപയോഗിക്കുന്ന ഇവര്‍ മദ്യ ലഹരിയില്‍ അക്രമസക്താരായതാണ് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ കൂടുതലൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
വിവിധ സംസ്ഥാനക്കാര്‍ക്കിടയിലെ വൈരമോ, ജാതി വൈരമോ ഉണ്ടോ എന്നു പരിശോധിച്ചെങ്കിലും ആക്രമണം നടത്തിയ ഇരു ചേരിയിലും എല്ലാ വിഭാഗത്തിലുള്ള ആളുകള്‍ ഉണ്ടായിരുന്നു എന്നു കണ്ടെത്തി. ഇതോടെ വംശീയ അതിക്രമ സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. ഇവര്‍ക്കിടയില്‍ സ്ഥിരം കുറ്റവാളികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെങ്കില്‍ മാത്രമേ പുറമേ നിന്നുള്ള ഇടപെടല്‍ കണ്ടെത്താനാകൂ. പ്രതികള്‍ക്ക് രൂപസാമ്യമുള്ളതും ഹിന്ദിക്കു പകരം പ്രാദേശിക ഭാഷയില്‍ മാത്രം സംസാരിക്കുന്നതും അന്വേഷണ സംഘങ്ങളെ പ്രയാസത്തിലാക്കുന്നുണ്ട്.
അതേസമയം നേരത്തെ അന്വേഷണസംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആക്രമികള്‍ ശ്രമിച്ചത് സി ഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്താണെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കല്ല്, മരവടി, മാരകയുധങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ എസ്‌എച്ച്‌ ഒയെ അടക്കം ആക്രമിച്ചു. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവര്‍ തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ സാജനെ വധിക്കാന്‍ ശ്രമിച്ചത് അമ്ബതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഇന്ന് രാവിലെ 26 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 50 ആയിരുന്നു. അതിന് പിന്നാലെ കസ്റ്റഡിയിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആകെ 162 പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള എല്ലാവരെയും പ്രതികളാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. പ്രതികള്‍ 12 ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വാഹനങ്ങള്‍ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തില്‍ 19 അംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
ഒരു രാത്രി മുഴുവന്‍ കിഴക്കമ്ബലത്തെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു അതിഥിത്തൊഴിലാളികള്‍ അഴിഞ്ഞാടിയത്. ക്രിസ്തുമസ് കരോള്‍ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബര്‍ ക്യാമ്പിൽ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമായി. മദ്യലഹരിയില്‍ വാക്കേറ്റം തമ്മില്‍ത്തല്ലില്‍ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികള്‍ അവര്‍ക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവില്‍ പൊലീസ് വാഹനം ഉപേക്ഷിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക് രക്ഷപെടേണ്ടിവന്നു.

%%footer%%