വെബ് ഡസ്ക് : സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ച്‌ മുന്‍ ജഡ്ജി എസ്.
സുദീപ്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നു സ്വയം ബോദ്ധ്യമുള്ള ഗവര്‍ണര്‍ ഒഴിയേണ്ടത് ചാന്‍സലര്‍ പദവിയല്ലെന്നും ഗവര്‍ണര്‍ പദവിയാണെന്നും എസ് സുദീപ് വിമര്‍ശിച്ചു. താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് പരസ്യമായി ആവര്‍ത്തിക്കുന്ന ആരിഫ് ഖാന് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ എന്താണ് യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു.
‘ഗവര്‍ണര്‍ പദവി ഒരു അധികപ്പറ്റാണ്, പൊതുഖജനാവിന്‍്റെ ദുര്‍വ്യയമാണ്. മന്ത്രിസഭയ്ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനായി മാത്രം ഒരു ഗവര്‍ണറെ തീറ്റിപ്പോറ്റേണ്ട ഒരാവശ്യവുമില്ല. സത്യപ്രതിജ്ഞ ചൊല്ലാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ ഇന്ത്യന്‍ പ്രസിഡന്‍്റിന്‍്റെ പ്രതിനിധിയോ മതി. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്ന ജോലി ഇന്ത്യന്‍ പ്രസിഡന്‍്റിനു ചെയ്യാം. ചാന്‍സലര്‍ പദവി മുഖ്യമന്ത്രിക്കോ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ വഹിക്കാം. സംഘപരിവാര്‍ ഏജന്‍്റ് എന്ന ഏകയോഗ്യത മാത്രം കൈമുതലായ കടല്‍ക്കിഴവന്മാരെ കുടിയിരുത്താന്‍ വേണ്ടിയുള്ള ഗവര്‍ണര്‍ പദവിയാണ് എടുത്തു കളയേണ്ടത്’, സുദീപ് വ്യക്തമാക്കി.

എസ് സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാജിവയ്ക്കേണ്ടത് കേരള ഗവര്‍ണറാണ്. താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് പരസ്യമായി ആവര്‍ത്തിക്കുന്ന ആരിഫ് ഖാന് ആ സ്ഥാനത്തു തുടരാന്‍ എന്താണ് അര്‍ഹത? തങ്ങള്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതായി സര്‍ക്കാര്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം. എന്നാല്‍ താന്‍ സ്വയം വഴിവിട്ടു പ്രവര്‍ത്തിച്ചു എന്നു കരയുന്നത് ഗവര്‍ണറാണ്. കണ്ണൂര്‍ വിസിയുടെ പുന:നിയമനക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്‍്റെ അനുകൂല നിയമോപദേശം വരെയുണ്ടായിരുന്നു. അത് ഗവര്‍ണര്‍ക്കു സഹിക്കുന്നില്ല. സര്‍ക്കാരിനെ ഉപദേശിക്കാനാണ് മിസ്റ്റര്‍ ഗവര്‍ണര്‍, എ ജി പ്രവര്‍ത്തിക്കുന്നത്. അല്ലാതെ കേന്ദ്രത്തിന്‍്റെ ഏജന്‍്റായ ഗവര്‍ണറുടെ താളത്തിനു തുള്ളാനല്ല. എജിയുടെ റിപ്പോര്‍ട്ടു കൂടി വന്നതോടെ നിയമനക്കാര്യത്തില്‍ എതിര്‍ക്കാന്‍ ഗവര്‍ണര്‍ക്കു പഴുതില്ലാതായി. നിയമനം അംഗീകരിക്കേണ്ടി വന്നു. അതിന് ഇപ്പോള്‍ കരയുന്നതെന്തിന്? അന്നെന്തുകൊണ്ട് ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചില്ല? സര്‍ക്കാരുമായി ഏറ്റുമുട്ടലുണ്ടാക്കേണ്ട എന്നു കരുതിയത്രെ! സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയത്രെ!

ഒപ്പിട്ടശേഷം സര്‍ക്കാരുമായി ഏറ്റുമുട്ടുക തന്നെയല്ലേ ഗവര്‍ണര്‍ ചെയ്യുന്നത്? അത് ഒപ്പിടുന്നതിനു മുമ്ബും ആകാമായിരുന്നല്ലോ, മിസ്റ്റര്‍ ഗവര്‍ണര്‍? എ ജിയുടെ നിയമോപദേശം എങ്ങനെയാണു സമ്മര്‍ദ്ദമാകുന്നത്? വേറൊരു ‘സമ്മര്‍ദ്ദവും’ ഗവര്‍ണര്‍ക്കു പറയാനില്ലെന്നു കൂടി ഓര്‍ക്കണം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനല്ല ഗവര്‍ണറെ നിയമിച്ചിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെടാനുമല്ല. താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ‘സമ്മര്‍ദ്ദങ്ങള്‍ക്കു’ വഴിപ്പെട്ടെന്നും സ്വയം ആവര്‍ത്തിക്കുന്ന ഗവര്‍ണറാണ് രാജിവയ്ക്കേണ്ടത്. ഇവിടെ ഇടതു സര്‍ക്കാരിനു പകരം യു ഡി എഫ് സര്‍ക്കാരും ആരിഫ് ഖാനു പകരം സി പി എം ഗവര്‍ണറും ആയിരുന്നെങ്കില്‍ ഇവിടുത്തെ വലതുപക്ഷ മാദ്ധ്യമങ്ങള്‍ എങ്ങനെ അച്ചു നിരത്തുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ?

‘നിയമനം എജിയുടെ ഉപദേശത്തിന്മേല്‍, നിയമവിധേയം.’
‘ഗവര്‍ണര്‍ പറയുന്ന സമ്മര്‍ദ്ദം ഉപദേശം നല്‍കാന്‍ ബാദ്ധ്യതപ്പെട്ട എജിയുടേത്.’
‘അന്ന് ഫയല്‍ മടക്കാതെ ഒപ്പിട്ട ഗവര്‍ണര്‍ ഇന്നു മലക്കം മറിഞ്ഞത് സി പി എം ഭീഷണിയെ തുടര്‍ന്ന്.’
‘പൊളിറ്റ് ബ്യൂറോ കണ്ണുരുട്ടി, ഗവര്‍ണര്‍ വിറച്ചു.’
‘ഗവര്‍ണറെ ബ്ലാക്ക് മെയില്‍ ചെയ്തത് സി പി എം ഉന്നതന്‍്റെ പുത്രന്‍.’
‘നിയമവിരുദ്ധനായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍, എന്നിട്ടും രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നു.’ നിയമവിരുദ്ധനാണെന്നു സ്വയം സമ്മതിച്ച ഗവര്‍ണര്‍ ഇടതു വിരുദ്ധനായതു കൊണ്ട് ഇപ്പോള്‍ ഇര മാത്രമായി. എന്നിട്ടു പറയുന്ന ന്യായം കൂടി കേള്‍ക്കണം! താന്‍ വിസിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ സമ്മതിച്ച സ്ഥിതിക്ക് ഗവര്‍ണര്‍ക്ക് വിസി നിയമനത്തെ കോടതിയില്‍ ന്യായീകരിക്കാന്‍ കഴിയാത്തതിനാല്‍ വി സി രാജിവയ്ക്കണമെന്ന്!

നിയമനം നിയമവിരുദ്ധമാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യുക, കോടതി തീരുമാനിക്കുക. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നു സ്വയം ബോദ്ധ്യമുള്ള ഗവര്‍ണര്‍ ഒഴിയേണ്ടത് ചാന്‍സലര്‍ പദവിയല്ല, ഗവര്‍ണര്‍ പദവിയാണ്. ഗവര്‍ണര്‍ പദവി ഒരു അധികപ്പറ്റാണ്, പൊതുഖജനാവിന്‍്റെ ദുര്‍വ്യയമാണ്. മന്ത്രിസഭയ്ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനായി മാത്രം ഒരു ഗവര്‍ണറെ തീറ്റിപ്പോറ്റേണ്ട ഒരാവശ്യവുമില്ല. സത്യപ്രതിജ്ഞ ചൊല്ലാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ ഇന്ത്യന്‍ പ്രസിഡന്‍്റിന്‍്റെ പ്രതിനിധിയോ മതി. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്ന ജോലി ഇന്ത്യന്‍ പ്രസിഡന്‍്റിനു ചെയ്യാം. ചാന്‍സലര്‍ പദവി മുഖ്യമന്ത്രിക്കോ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കോ വഹിക്കാം. സംഘപരിവാര്‍ ഏജന്‍്റ് എന്ന ഏകയോഗ്യത മാത്രം കൈമുതലായ കടല്‍ക്കിഴവന്മാരെ കുടിയിരുത്താന്‍ വേണ്ടിയുള്ള ഗവര്‍ണര്‍ പദവിയാണ് എടുത്തു കളയേണ്ടത്.

Leave a Reply