പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ: ചർച്ചകളിലേക്ക് കടന്ന് സിപിഎം.


തിരുവനന്തപുരം :-എം സി ജോസഫൈന്‍റെ രാജിയോടെ പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നു. കേന്ദ്രകമ്മിറ്റിയംഗമായ പി.കെ ശ്രീമതിയും മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ് പരിഗണിക്കുന്നത്.
നിയമപരിജ്ഞാനവും പൊതുസമൂഹത്തില്‍ അംഗീകാരവുമുള്ളവരെ കണ്ടെത്താനും നീക്കമുണ്ട്.

സ്ത്രീ സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനം നിലനില്‍ക്കുന്നതുകൊണ്ട് വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം അധികകാലം ഒഴിച്ചിടേണ്ടതില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. എം സി ജോസഫൈന്‍ രാജിവെച്ച തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉടന്‍ ആരംഭിക്കും. കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ പേരിന് മുന്‍തൂക്കമുണ്ട്. സംസ്ഥാന സമിതിയംഗങ്ങളായ ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി എന്‍ സീമ, സി എസ് സുജാത, സൂസന്‍ കോടി തുടങ്ങിയവരുടെ പേരുകളും സജീവം. നിലവിലെ കമ്മീഷനംഗം ഷാഹിദാ കമാലിനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായവും ഉയര്‍ന്ന് വരുന്നുണ്ട്.

മുഴുവന്‍ സമയ രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തി തീരുമാനമെടുക്കാനുളള സാധ്യതയും തള്ളിക്കളയാനാവില്ല. മുന്‍പ് ജസ്റ്റിസ് ഡി ശ്രീദേവിയെ നിയോഗിച്ചതു പോലെ നിയമപരിജ്ഞാനവും പൊതുസമൂഹത്തില്‍ അംഗീകാരവുമുള്ളവരെ കണ്ടെത്താനും നീക്കങ്ങളുണ്ട്. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. അതിനുമുന്‍പ് വിവിധ തലത്തിലുള്ള കൂടിയാലോചനകളിലൂടെ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കും.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top