തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്കൂളുകൾ അടച്ചിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കില്ല. ഓൺലൈൻ വഴിയായിരിക്കും പഠനം.
എന്നാൽ പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. ഇത് തുടരണമോയെന്ന് ഫെബ്രുവരി രണ്ടാം വാരം പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകാനും യോഗത്തിൽ തീരുമാനമായി.
അതേസമയം ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണെന്ന് യോഗത്തിൽ വിലയിരുത്തി. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.
You must log in to post a comment.