തിരുവനന്തപുരം: സംസ്ഥാനത്ത് അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഖജനാവ് കാലിയായതോടെ വായ്പയെടുത്താണ് സർക്കാർ ദൈനംദിന കാര്യങ്ങൾ നടത്തിയിരുന്നത്. വായ്പാ പരിധിയും കഴിഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ച്ചയായി ഓവർഡ്രാഫ്റ്റിലാണ് കാര്യങ്ങളോടുന്നത്. വിവിധ പദ്ധതികളിലായി കേന്ദ്രം നൽകാനുള്ള സഹായധനം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വഷളാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഖജനാവിൽ ഒരുദിവസം കുറഞ്ഞത് 1.66 കോടി രൂപ മിച്ചമുണ്ടായിരിക്കണമെന്നാണ് ചട്ടം. മിച്ചമാകാൻ എത്രയാണോ കുറവ് അത്രയും റിസർവ് ബാങ്ക് നിത്യനിദാന വായ്പ (വെയ്‌സ് ആൻഡ് മീൻസ്) ആയി അനുവദിക്കും. പരമാവധി 1670 കോടി രൂപയാണ് ഇങ്ങനെ അനുവദിക്കുന്നത്. ഇത്രയും പണം ഖജനാവിൽ തിരിച്ചുവന്നില്ലെങ്കിൽ ഓവർഡ്രാഫ്റ്റിലാവും.
പരമാവധി നിത്യനിദാന വായ്പയ്ക്ക് തുല്യമായ തുകയാണ് ഓവർഡ്രാഫ്റ്റ് അനുവദിക്കുന്നത്. ഇതുരണ്ടും ചേർന്ന തുക 14 ദിവസത്തിനകം ട്രഷറിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ട്രഷറി ഇടപാടുകൾ നിർത്തിവെക്കേണ്ടിവരും. റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന പലിശനിരക്കിലാണ് നിത്യനിദാന വായ്പയും ഓവർഡ്രാഫ്റ്റും അനുവദിക്കുന്നത്. കൂടിയപലിശയ്ക്ക് കടമെടുക്കുന്നതിനെക്കാൾ ഇത് സർക്കാരിന് സൗകര്യപ്രദമാണെന്നു വാദമുണ്ട്.
ഓവർഡ്രാഫ്റ്റ് പരിഹരിക്കാൻ കടമെടുക്കാനൊരുങ്ങുകയാണ് സർക്കാർ. നാളെ 2000 കോടി കടമെടുക്കുമെന്നാണ് റിപ്പോർട്ട്. കടമെടുക വഴി ഓവർഡ്രാഫ്റ്റ് ഒഴിയുമെങ്കിലും ഓണക്കാലം വരുന്നതിനാൽ സർക്കാർ കടുത്ത ആശങ്കയിലാണ്. ഓണക്കാലത്തെ ചെലവുകൾക്ക് 8000 കോടിയോളം വേണ്ടിവരും. 2013-ൽ എടുത്ത 15,000 കോടിയുടെ കടം തിരിച്ചടയ്ക്കേണ്ടതും ഈ ഓണക്കാലത്താണ്.
kerala-is-facing-a-big-economic-crisis

You must log in to post a comment.