വെബ് ഡസ്ക് :-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിൽ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി. പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടു മണിക്കൂറിനകം ഇത് പിന്‍വലിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഒരാഴ്ചത്തേക്കാണ് ഉത്തരവിന് പ്രാബല്യം.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
കോവിഡ് വ്യാപനത്തിനിടെ സി.പി.എം. ജില്ലാ സമ്മേളനങ്ങള്‍ തുടരുന്നതില്‍ വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന സമ്മേനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സി.പി.എം. കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിച്ചു.
ഇതിനിടെ ജില്ലാ സമ്മേളനങ്ങള്‍ രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കാന്‍ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങളാണ് വെട്ടിച്ചുരുക്കുക. രണ്ടിടത്തും സമ്മേളനം നാളെ അവസാനിപ്പിക്കും. തൃശൂരില്‍ വെര്‍ച്വല്‍ പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്.
സി.പി.എം. സമ്മേളനങ്ങള്‍ക്ക് വേണ്ടിയാണ് കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ക്ലര്‍ക്കാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. തുറസ്സായ സ്ഥലത്ത് 150 പേരെ പങ്കെടുപ്പിക്കാന്‍ സാധിക്കുമെന്ന് ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി ഇത് അംഗീകരിച്ചില്ല. ഈ മാനദണ്ഡങ്ങൾ യുക്തസഹമാണോയെന്നും കോടതി ചോദിച്ചു.