അപൂർവ നേട്ടവുമായി ബെഹ്‌റ ഇന്ന് പടിയിറങ്ങും.

സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ബെഹ്റ പടിയിറങ്ങുന്നത്. കോവിഡ്, ലോക്ഡൌണ്‍ പ്രതിസന്ധി കാലത്ത് സേനാംഗങ്ങളെ മുന്നണിപ്പോരാളികളായി നയിക്കാനായതിന്‍റെ ക്രെഡിറ്റും ലോക്നാഥ് ബെഹ്റയുടെ പേരിലുണ്ട്.

തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിനൊപ്പം രണ്ട് തവണയും തുടരാന്‍ സാധിച്ച പൊലീസ് മേധാവി. 5 വര്‍ഷത്തോളം പൊലീസ് മേധാവി സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞെന്ന അപൂര്‍വ്വ നേട്ടം. ഓഖി, നിപ്പ, പ്രളയം, കോവിഡ്, ലോക്ഡൌണ്‍- ഇക്കാലയളവിലൊക്കെ പൊലീസ് സേനയെ മുന്നില്‍ നിന്ന് നയിച്ചു ലോക്നാഥ് ബെഹ്റ. സേനയിലെ ആധുനികവത്കരണവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വേഗത്തിലാക്കി.
കേരള പൊലീസിന്‍റെ എഫ്ബി പേജ് ലോകത്തെ പൊലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയതും ബെഹ്റയുടെ കാലത്ത് തന്നെ.

എന്‍ഐഎയിലും സിബിഐയിലുമായി സേവനമനുഷ്ഠിച്ച 16 വര്‍ഷക്കാലയളവില്‍ മുംബൈ സ്ഫോടന പരമ്ബരയടക്കം രാജ്യശ്രദ്ധ നേടിയ കേസുകള്‍ അന്വേഷിച്ചു. ജിഷ വധം, നടിയെ ആക്രമിച്ച കേസ്, കൂടത്തായി കേസ് എന്നിവയിലെ അറസ്റ്റ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പൊലീസിന് പുറമെ വിജിലന്‍സ്, ഫയര്‍ഫോഴ്സ്, ജയില്‍ വകുപ്പുകളുടെ തലപ്പത്തും ബെഹ്റയ്ക്ക് സേവനമനുഷ്ഠിക്കാനായി.

നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും ബെഹ്റയെ തേടിയെത്തിയത്. ഇതേ കാലയളവിലാണ്. സീനിയോരിറ്റി മറികടന്ന് പൊലീസ് മേധാവി നിയമനം എന്നതായിരുന്നു ലോക്നാഥ് ബെഹ്റയെ കേന്ദ്രീകരിച്ചുള്ള ആദ്യ തര്‍ക്കം. പിന്നീട് ഓരോ ഇടവേളകളിലും വിവാദങ്ങള്‍ ബെഹ്റയെയും സേനയെയും തേടിയെത്തി. ‌പൊലീസ് തലപ്പത്തിരുന്ന അഞ്ച് വര്‍ഷക്കാലയളവില്‍ മാവോയിസ്റ്റ് വേട്ടയില്‍ 8 പേര്‍ കൊല്ലപ്പെട്ടതും 145 യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പൊലീസില്‍ അഴിമതിയും ക്രമക്കേടുമെന്ന സിഎജി റിപ്പോര്‍ട്ടും വെടിയുണ്ടകള്‍ അപ്രത്യക്ഷമായതും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കി. ഒരു പ്രത്യേക കമ്ബനിയുടെ പെയിന്‍റ് സ്റ്റേഷനുകള്‍ക്ക് അടിക്കണമെന്ന സര്‍ക്കുലര്‍ വിവാദത്തിന് പിന്നാലെ ഡിജിപി റദ്ദാക്കി.

സിംസ് പദ്ധതിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂ സ്വകാര്യ കമ്ബനിക്ക് തുറന്ന് നല്‍കിയത് ബെഹ്റയുടെ നിര്‍ദേശപ്രകാരമെന്ന ഗുരുതര ആരോപണവും ഇതിനിടെ ഉയര്‍ന്നു. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും തടയുന്നതിലും കാര്യക്ഷമമായ ഇടപെടല്‍ ബെഹ്റയുടെ കാലത്തും നടന്നില്ലെന്ന് വിലയിരുത്തപ്പെടുന്നു.

1985 ബാച്ച്‌ ഐപിഎസ് കേരള കേഡറില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ലോക്നാഥ് ബെഹ്റയുടെ ആദ്യ പോസ്റ്റിംഗ് ആലപ്പുഴ എഎസ്പി ആയിട്ടായിരുന്നു. 36 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്നത്. ഒഡീഷയിലെ ബെറംപൂര്‍ സ്വദേശിയായ ലോക്നാഥ് ബെഹ്റ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരാനാണ് ആലോചിക്കുന്നത്.
സംസ്ഥാനത്തിന്‍റെ പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. യുപിഎസ്സി അംഗീകരിച്ച മൂന്ന് പേരില്‍ നിന്ന് ഒരാളെയാണ് പൊലീസ് മേധാവിയായി തീരുമാനിക്കുക. റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍കാന്തിനാണ് കൂടുതല്‍ സാധ്യത. അടുത്ത ജനുവരി മാസത്തിലാണ് അനില്‍കാന്ത് വിരമിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ എസ് സുധേഷ് കുമാര്‍, അഗ്നിരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍. പട്ടികയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സുധേഷ്കുമാര്‍. ആദ്യ വനിതാ പൊലീസ് മേധാവി എന്ന തലത്തില്‍ കാര്യങ്ങള്‍ പോയാല്‍ ബി സന്ധ്യയ്ക്കും സാധ്യതയുണ്ട്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top