സ്വര്‍ണ്ണക്കടത്തിനു തടയിടാന്‍ മഹാരാഷ്ട്രാ മോഡല്‍ നിയമം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

തിരുവനന്തപുരം.സംസ്ഥാനത്തു വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ്ണ കള്ളക്കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും തടയാന്‍ മഹാരാഷ്ട്രാ മോഡല്‍ നിയമം കൊണ്ടുവരണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര. ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തു സ്വര്‍ണ്ണം പിടിക്കാന്‍ സംസ്ഥാന പോലീസിനുള്ള അധികാരം വളരെ ചുരുങ്ങിയതാണ്.

കസ്റ്റംസ് ആക്ട് അനുസരിച്ച് സംശയാസ്പദമെങ്കില്‍ അതു പിടിക്കാനും കോടതിയില്‍ ഹാജരാക്കാനും പോലീസിനു കഴിയും. കോടതിയാണ് പിന്നീട് ഈ കേസ് ആര് അന്വേഷിക്കണമെന്ന് തീരുമാനിക്കുക. കസ്റ്റംസ്, ഇഡി, ഇന്‍കം ടാക്‌സ് ഇങ്ങനെ ഏത് ഏജന്‍സി വേണമെന്ന് കോടതി തീരുമാനിക്കും. ഇതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈയിടയായി സംസ്ഥാന പോലീസ് സാധാരണയില്‍ കൂടുതല്‍ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്. അതു കോടതിയില്‍ ഹാജരാക്കി കേന്ദ്ര ഏജന്‍സികളേയും വിവരം അറിയിക്കുന്നു.

പക്ഷേ, കള്ളക്കടത്തിനോടനുബന്ധിച്ചുണ്ടാവുന്ന മറ്റു കുറ്റകൃത്യങ്ങളുണ്ട് . തട്ടിക്കൊണ്ടുപോകല്‍, ഭീഷണി, ഇങ്ങനെ. ഇതിന് സംഘടിത കുറ്റകൃത്യത്തിന്റെ സ്വഭാവമാണുള്ളത്. ഇതു കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് ഒരു പുതിയ നിയമം വരണം. മഹാരാഷ്ട്രയില്‍ ഇതു പോലെ ഒരു നിയമം നിലവിലുണ്ട്. അതുപോലെ ഒരു നിയമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച ഒരു ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മാവോയിസ്റ്റുകളോടുള്ള നിലപാടുകളില്‍ മാറ്റമില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. പൊലീസ് ചെയ്തത് സ്വന്തം ജോലിയാണെന്ന് സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കുന്നു. അവരെ നേരിടാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും ഡിജിപി പറയുന്നു. രാജ്യസുരക്ഷക്കാണ് ഇവിടെ പ്രധാനം. ചെലവല്ല. ഹെലികോപ്റ്റര്‍ നിലനിര്‍ത്തുമെന്നും ഡിജിപി വ്യക്തമാക്കി.

കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണവും ബെഹ്‌റ നടത്തി. അവര്‍ക്കു വേണ്ടത് വിദ്യാഭ്യാസമുളളവരെയാണ്. കേരളം വിദ്യാഭ്യാസപരമായി മുന്നില്‍ നില്‍ക്കുന്നതു കൊണ്ടാണ് ഇവരെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ബെഹ്‌റ പറഞ്ഞു. സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്നും ഡിജിപി പറഞ്ഞു.

Leave a Reply