𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

Kavya Madhavan will be questioned at home today

കാവ്യ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും;

വെബ് ഡസ്ക് :-നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിനും സഹോദരൻ അനൂപിനും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.കാവ്യയെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരി​ഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തിൽ പറയുന്നു. ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യം ആദ്യം മുതൽതന്നെ ഭാര്യയായ കാവ്യ ഉന്നയിച്ചിരുന്നു. സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കാവ്യ. തുടർന്നാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.
ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നേരത്തേ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.
ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പവും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.