വെബ് ഡസ്ക് :-ഹൈക്കോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനം. 50-ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയില്‍ ഒരു സമ്മേളനവും നടത്തരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കോവിഡ് വ്യാപനത്തനിടയില്‍ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനിടെ പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച ഒരു ഉത്തരവിറക്കി. രണ്ടു മണിക്കൂറിനകം ഇത് പിന്‍വലിക്കുകയും ചെയ്തു. സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിക്കെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചതെന്നായിരുന്നു കളക്ടറുടെ വിശദീകരണം.
ഉത്തരവ് പിന്‍വലിച്ച നടപടിക്കെതിരേ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി കാസര്‍കോട് ജില്ലയില്‍ 50-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്താനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതേത്തുടര്‍ന്നാണ് സിപിഎമ്മിന് വെള്ളിയാഴ്ച തുടങ്ങിയ ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കേണ്ടി വന്നത്.
ഉത്തരവ് വിവാദമായതിന് പിന്നാലെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചു. ശനിയാഴ്ച മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം. പകരം എഡിഎമ്മനാണ് ചുമതല.
