ബെംഗളൂരു: കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് തുറന്നടിച്ചു. ബില്ലില്‍ നാളെയും ചര്‍ച്ച തുടരും.

പ്രതിപക്ഷ ബഹളത്തിനിടെ, മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് ജെ‍ഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. എന്നാല്‍ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്.

രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്, ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് സഭയിൽ പറഞ്ഞത്.

മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പിന്‍മാറാത്തത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍ . മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് തീരുമാനം.

സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്നാണ് ബെംഗ്ലൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാ‍ഡോയുടെ മുന്നറിയിപ്പ്. സ്ത്രീകള്‍, ദളിതര്‍, മുസ്ലീം വിഭാഗത്തിലുള്ളവരെ എല്ലാം പ്രതികൂലമായി ബാധിക്കും. ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുമെന്നും ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മര്‍ദ്ദം ശക്തമായിരുന്നു. ഭൂരിപക്ഷ സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ അധികാരത്തിൽ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.

Leave a Reply