ന്യൂസ്‌ഡസ്ക് :-കരിപ്പൂർ വിമാനത്താവളംവഴി സ്വർണക്കടത്തും കള്ളക്കടത്തുസ്വർണം തട്ടിയെടുക്കലും ഏറെയുണ്ടായിട്ടും അന്വേഷണം പാതിവഴിയിൽ നിലയ്ക്കുന്നു. ലോക്കൽപോലീസിന്റെ അന്വേഷണപരിധിയിൽ സ്വർണക്കള്ളക്കടത്ത് പലപ്പോഴും ഉൾപ്പെടാറില്ല. തട്ടിക്കൊണ്ടുപോകലും മർദനവും വധശ്രമവും മാത്രമായി കേസൊതുങ്ങും. 2019-ൽ കൊട്ടുക്കര സ്വദേശിയെ വയനാട്ടിലേക്കു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസാണ് കൊണ്ടോട്ടിയിൽ ഇത്തരത്തിൽ രജിസ്റ്റർചെയ്ത ആദ്യ കേസ്. ക്വട്ടേഷൻസംഘം വിട്ടയച്ചശേഷവും വധഭീഷണി ഉയർന്നതോടെ യുവാവ് പോലീസിൽ പരാതിനൽകി. ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരെ പിടികൂടിയെങ്കിലും സ്വർണം കൈകാര്യംചെയ്തവരിലേക്ക് അന്വേഷണം എത്തിയില്ല.

മാസങ്ങൾക്കുമുൻപ് കൊണ്ടോട്ടി – അരീക്കോട് റോഡിൽ കാളോത്തുെവച്ച് വിമാനത്താവള ടാക്സിയിൽനിന്ന് യാത്രക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തിൽക്കയറ്റി മുക്കം ഭാഗത്തേക്കു കൊണ്ടുപോയി. ടാക്സി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും യാത്രക്കാരൻ പരാതി നൽകിയിരുന്നില്ല. യാത്രക്കാരൻ തന്നെ കള്ളക്കടത്തുസ്വർണം മറിച്ചതാണ് തട്ടിക്കൊണ്ടുപോകലിനുപിന്നിലെന്നു പിന്നീടു വ്യക്തമായെങ്കിലും സ്വർണമാഫിയ അന്വേഷണപരിധിക്ക് പുറത്തായി.

അടുത്തിടെ കൊട്ടപ്പുറത്തുനിന്ന് കോട്ടയ്ക്കൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി യൂണിവേഴ്‌സിറ്റിക്കുസമീപം ഇറക്കിവിട്ടു. കഴിഞ്ഞവർഷം ഡി.ആർ.ഐ. ഉദ്യോഗസ്ഥരെ വിമാനത്താവളറോഡിൽ ഹജ്ജ് ഹൗസിന് സമീപത്ത് വാഹനമിടിപ്പിച്ച സംഭവത്തിലും അന്വേഷണം അടിവേരുതൊട്ടില്ല. വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനും പീഡിപ്പിക്കുന്നതിനും പിന്നിൽ സ്വർണക്കടത്ത് ഇടപാടുകളാണെങ്കിലും കസ്റ്റംസ് ഇടപെടാറില്ല. അതുകൊണ്ടുതന്നെ ഗൾഫിൽ കള്ളക്കടത്തു നിയന്ത്രിക്കുന്നവരും നാട്ടിലെ മാഫിയയും ചിത്രത്തിലുണ്ടാവാറില്ല. രാമനാട്ടുകര വാഹനാപകടത്തിന്റെ പിറകിലുള്ള സ്വർണക്കടത്ത് കസ്റ്റംസും അന്വേഷിക്കുന്നുണ്ട്. ഇത്തവണ മാറ്റമുണ്ടാകുമേയെന്നാണ് ഇനി കണ്ടറിയേണ്ടത്.

Leave a Reply