കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം ഉമ്മന്‍ ചാണ്ടി;

വെബ് ഡസ്ക് :-കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന ജനരോഷം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ഡി.പി.ആര്‍ രഹസ്യരേഖയാക്കി വെച്ചിരിക്കുന്നത് ദുരൂഹതകള്‍ പുറത്തുവരുമെന്ന് ഭയന്നാണ്. ഡി.എം.ആര്‍.സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ്. 80% മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ റെയില്‍ ഓടിക്കുമെന്നാണ് സർക്കാർ പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡി.പി.ആറിലില്ലെന്നും അദ്ദേഹം ആരോപിച്ചു.

സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാനാവില്ല.
124,000 കോടി രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതി മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേക്കാള്‍ ചെലവറേയതാണ്. പദ്ധതി ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top