തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി. അധ്യക്ഷനും എം.പിയുമായ കെ. സുധാകരന്‍. കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്!- എന്നാണ് സുധാകരന്റെ കുറിപ്പ് ആരംഭിക്കുന്നത്.
‘ഞാനും ഒരമ്മയല്ലേ? സര്‍ക്കാര്‍ ഇങ്ങനെ ഉള്ളവന്‍മാരെ എന്തിനാ പുറത്തു വിടുന്നത്? ‘ കൊല്ലപ്പെട്ട ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല, ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണ്.
കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യവും ജനങ്ങളില്‍ നിന്നുയരുന്നുണ്ട്- സുധാകരന്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നു.
