സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി, പോര്‍വിളിച്ചും ഭീഷണിപ്പെടുത്തിയും നടപ്പാക്കാനാകില്ല;

വെബ് ഡസ്ക് :-സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം വലിയ പദ്ധതികള്‍ പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ല. കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വിഷയത്തില്‍ ഭിന്ന താത്പര്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരേ അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.



പദ്ധതിയെ കുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണം. കോടതിയെ ഇരുട്ടത്ത് നിര്‍ത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. കല്ലിടലിന്റെ പേരില്‍ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാന്‍ പാടില്ല. സര്‍വേ ആക്ട് പ്രകാരമുള്ള കല്ലുകള്‍ മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂ. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് കോടതി എതിരല്ല. എല്ലാ നിയമങ്ങളും പാലിച്ച് വേണം സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഹര്‍ജി ഈ മാസം 21ലേക്ക് മാറ്റി. സാമൂഹികഘാത പഠനം പൂര്‍ത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികള്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.



സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടെന്നും എഐഐബി, കെ എഫ് ഡബ്‌ള്യുബി, എ ഡി ബി എന്നിവയുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര-ധന റെയില്‍ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാന്‍ ബാങ്കിന്റെ പിന്തുണയും സില്‍വര്‍ ലൈന്‍ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top