𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

യുവതിയോട് കയർത്തു സംസാരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ.

ന്യൂസ് ഡെസ്‌ക് :-വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ വീണ്ടും വിവാദത്തിൽ. ഭർതൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് കയർത്തു സംസാരിച്ചാണ് വീണ്ടും എം.സി. ജോസഫൈൻ വിവാദത്തിലായത്.

ഗാർഹിക പീഡനം നേരിടുന്നവർക്ക് തത്സമയം പരാതി നൽകാനായി വാർത്താചാനൽ നടത്തിയ പരിപാടിയിലാണ് ഭർത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്.

യുവതി സംസാരിച്ച് തുടങ്ങിയതുമുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയിൽ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ. ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി.ജോസഫൈന്‍റെ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈൻ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനിൽ വേണേൽ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. ഭർത്യപീഡനത്തിന് ഇരയായ ആളോടുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ മോശമായ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേൾക്കണമെങ്കിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട എം.സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമർശനം ഉയർന്നിരുന്നു.