ന്യൂഡല്‍ഹി :-ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യു എസ് ആസ്ഥാനമായുള്ള നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം കുറഞ്ഞ അളവില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയിലേക്കെത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരു ഡോസ് വാക്‌സിന് 25 ഡോളര്‍ എന്നായിരിക്കും ഇന്ത്യയിലെ നിരക്ക്. വാക്‌സിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനും വിപുലമായ ഉത്പാദനം നടത്താനും കമ്പനി അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ രാജ്യത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ സുലഭമാകാനുള്ള സാധ്യതയാണുള്ളത്.
2021 ഫെബ്രുവരിയില്‍ തന്നെ ഇത് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്ന് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. അതേസമയം രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദമുള്ള കൊവിഡ് രോഗികളില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണോ എന്ന് വ്യക്തമായിട്ടില്ല.
You must log in to post a comment.