𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ എംഎല്‍എയുടെ യാത്ര,ചോദ്യം ചെയ്ത യാത്രക്കാർക്ക് അസഭ്യവർഷം;

പട്‌ന : അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ എംഎല്‍എയുടെ യാത്ര. ബിഹാറിലെ ഭരണകക്ഷിയായ ജെ ഡി യുവിന്റെ എം എല്‍ എ ഗോപാല്‍ മണ്ഡല്‍ ആണ് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്തത്.

വ്യാഴാഴ്ച രാത്രി പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കോച്ച് എ – 1 കംപാര്‍ട്‌മെന്റിലാണ് ഗോപാല്‍ മണ്ഡല്‍ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. ഇത് ട്രെയിനിലെ സഹയാത്രികര്‍ ചോദ്യം ചെയ്തു.

ഇതോടെ അവരെ അസഭ്യം പറയുകയും, മോശമായി പെരുമാറുകയും, വെടിവെക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അടിവസ്ത്രം ധരിച്ചു നടന്നത് എംഎല്‍എയാണ് എന്നറിയാതെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ക്ഷുഭിതനായ എംഎല്‍എ തന്റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറഞ്ഞുവെന്ന് ട്രെയിന്‍ യാത്രക്കാരനായ പ്രഹ്ലാദ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. താന്‍ പ്രമേഹരോഗിയാണ്. യാത്രക്കിടെ വയറിന് അസുഖം ബാധിച്ചു. ഇതേത്തുടര്‍ന്ന് ശൗചാലയത്തില്‍ പോകാനാണ് അടിവസ്ത്രം മാത്രം ധരിച്ചതെന്ന് എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. പൊതുസ്ഥലത്ത് മോശമായി പെരുമാറിയ എംഎല്‍എ രാജിവെക്കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു.