
മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവത്തിൽ പ്രതികരണവുമായി അധ്യാപകനായ പ്രിയേഷ്. തന്റെ പരിമിതിയെ വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്തു. വീഡിയോ എടുത്ത കാര്യം താൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ ഒരുപാട് വിഷമം വന്നുവെന്നും അധ്യാപകൻ പറഞ്ഞു.
വിഷയം കോളേജിൽ തന്നെ തീർക്കണം എന്നാണ് ആഗ്രഹം. കുട്ടികൾ മാപ്പ് പറഞ്ഞാൽ മതിയാകും. കുട്ടികളെ ക്ലാസ്സിലേക്ക് കൊണ്ടു വരണം. സംഭവത്തിൽ, കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ പറഞ്ഞ സംഭവം ഓർക്കുന്നില്ല. ക്ലാസിൽ സ്ഥിരമായി വൈകി വരുന്ന കുട്ടിയാണ് മുഹമ്മദ് എന്നും അധ്യാപകൻ പ്രിയേഷ് പറഞ്ഞു.അതേസമയം, മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽവെച്ച് അവഹേളിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.എന്നാൽ മുഹമ്മദ് ഫാസിലിനെ ന്യായികരിച്ച് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തുവന്നു. ഫാസിൽ നിരപരാധിയാണ്. ക്ലാസ് കഴിഞ്ഞ ഉടനാണ് ഫാസിൽ എത്തിയതെന്നും കെഎസ്‌യു അധ്യാപകന് ഒപ്പം തന്നെയാണെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു.
മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിനിടെയായിരുന്നു സംഭവം. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. അധ്യാപകന്റെ പുറകിൽ നിന്ന് വിദ്യാർത്ഥികൾ കളിയാകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ക്ലാസിലുണ്ടായിരുന്ന ചിലർ തന്നെയാണ് വീഡിയോ പകർത്തിയത്. ഇത് റീലായി പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
You must log in to post a comment.