തൃശൂര്‍: ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ബഹളം. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കാസിം അനുകൂലികളും മുദ്രാവാക്യവുമായി രംഗത്തെത്തിയതോടെ രംഗം വഷളായി.

കാസിം ഇരിക്കൂര്‍ ധാരണ ലംഘിച്ച് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് വഹാബ്‌ പക്ഷം ആരോപിച്ചു. എതിര്‍പ്പുയര്‍ത്തിയവരെ യോഗത്തില്‍ നിന്നു പുറത്താക്കി. ഇടത്‌ സഹയാത്രികനായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ ഞായറാഴ്ച്ച ‌ നടത്തിയ ചര്‍ച്ചയില്‍ താത്കാലിക മെമ്പര്‍ഷിപ്പ് വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 10 അംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ സമിതിയുടെ നിര്‍ദേശ പ്രകാരം മാത്രമേ തീരുമാനങ്ങള്‍ നടപ്പിലാക്കാവൂ എന്നും നിര്‍ദേശിച്ചു. കാസിം ഇരിക്കൂര്‍, അബ്ദുള്‍ വഹാബ് വിഭാഗങ്ങള്‍ ഇതു സമ്മതിക്കുന്നതായി അറിയിക്കുകയും ചെയ്തു. എന്നാൽ ഈ നിർദ്ദേശം ലംഘിച്ച്‌ അംഗത്വവിതരണത്തിനു തീരുമാനിച്ചെന്നാണ് ആക്ഷേപം.

കാസിം ഇരിക്കൂർ പക്ഷം കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് വഹാബ്‌ വിഭാഗം ആരോപിച്ചു. അംഗത്വവിതരണം ഉദ്ഘാടനത്തിനെത്തുന്ന കാസിം ഇരിക്കൂറിനെ തടയുമെന്നറിയിച്ച് ഇവർ രംഗത്തുവന്നു. ഗേറ്റിനു മുന്നില്‍ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ പ്രവര്‍ത്തകരും ചേരിതിരിഞ്ഞു നിന്നു. അംഗത്വവിതരണം നിര്‍ത്തണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും പ്രശ്‌നങ്ങളുണ്ടാക്കിയത് ആരാണെന്ന് അറിയില്ലെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.

പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാമക്കാല അധ്യക്ഷനായി. കിഴക്കേകോട്ടയിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് മൂന്നിനു തുടങ്ങിയ യോഗം അഞ്ചുമണിയോടെ അവസാനിച്ചു. റാഫി പണിക്കശേരി, ജെയിന്‍ ജോസഫ്, താജുദീന്‍ ഹാജി, മാലിക് ചമ്മിണിയില്‍, ഷാജി പള്ളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply