എല്ലാ രാത്രിയും സുധി കയറി വരും;
വാഹനാപകടത്തിന്റെ ശേഷം ആദ്യമായി പൊതുവേദിയിൽ എത്തി ബിനു അടിമാലി. ‘മാ’ സംഘടനയുടെ പരിപാടിക്കാണ് അദ്ദേഹം എത്തിയത്.
പത്ത് പതിനഞ്ച് ദിവസത്തിന് ശേഷമാണ് ചിരിക്കുന്നത് എന്നാണ് ബിനു പറയുന്നത്. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ രാത്രി സുധി കയറി വരും. ഉറങ്ങാൻ പറ്റാത്ത അവസ്ഥ. ഇന്നിവിടെ വന്ന് എല്ലാവരെയും ഒന്നിച്ച് കാണാൻ പറ്റിയപ്പോൾ പകുതി സമാധാനം ആയെന്നും ബിനു പറയുന്നു.
ബിനു അടിമാലിയുടെ വാക്കുകൾ ഇങ്ങനെ
ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്. ‘മാ’ സംഘടനയുടെ പരിപാടിക്ക് വന്നപ്പോൾ. അതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും രാത്രി സുധി കയറി വരും. ഉറങ്ങാൻ കിടക്കുമ്പോൾ. ഉറങ്ങുമ്പോ. അവന്റെ ഓരോ വാക്കുകളും പ്രശ്നങ്ങളും കാരണം എനിക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥ. ഇന്നിവിടെ വന്ന് എല്ലാവരെയും ഒന്നിച്ച് കാണാൻ പറ്റിയപ്പോൾ, എന്തോ ഒരു പകുതി സമാധാനം. അസുഖം പോയപോലെ. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയാണത്. നമ്മൾ ബെഡ് റെസ്റ്റൊക്കെ ആയി കിടക്കുമ്പോൾ, നമ്മൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നവർ ഫോൺ ചെയ്യുക, വീട്ടിൽ വരുന്നു എന്നൊക്കെ പറയുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. അങ്ങനെ കിടക്കുമ്പോഴാണ് ഓരോ ആളുകളുടെയും വില നമ്മൾ മനസിലാക്കുന്നത്.
ദുഃഖം നമുക്ക് പറ്റാത്തൊരു കാര്യമാണ്. ഒരുപക്ഷേ അന്ന് സുധിയുടെ സമയം ആയിരുന്നിരിക്കണം. പരിപാടിക്ക് പോകുമ്പോൾ അവൻ വണ്ടിയുടെ മുന്നിലാണ് ഇരിക്കുന്നത്. ഊണ് കഴിക്കാൻ ഇറങ്ങി തിരിച്ച് വന്നപ്പോഴും മുന്നിൽ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും അവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ ഇരുന്നു. ഞാൻ അന്ന് വരെയും അത്രയും ഊർജസ്വലനായിട്ടുള്ള സുധിയെ കണ്ടിരുന്നില്ല. അത്രയ്ക്ക് ആക്ടീവ് ആയിരുന്നു അവൻ. അതാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. തെട്ടടുത്തിരുന്ന ഒരാൾ മരിച്ചു പോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്നൊരു അവസ്ഥ..

You must log in to post a comment.