അബുദാബി: യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രാബല്യത്തിലുണ്ടാവുക.[the_ad_placement id=”content”]
തുടർച്ചയായ പതിനെട്ടാം വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ 600590000 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
You must log in to post a comment.