𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കും’ കുഞ്ഞാലിക്കുട്ടി;

മലപ്പുറം : യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
പല്ലും നഖവും പറച്ചു കളഞ്ഞ് ലോകായുക്തയെ ഒരു ഉപദേശക സമിതിയാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ. ലോകായുക്തയെ സര്‍ക്കാര്‍ ഒരു ഉപദേശക സമിതിയാക്കിയാണ് മാറ്റിയിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിയമസഭയില്‍ പ്രകടിപ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
ലോകായുക്ത ഭേദ​ഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചു എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. അഴിമതിക്ക് എതിരായ പോരാട്ടത്തിന്‍്റെ അന്ത്യകൂദാശയാണ് നടന്നത്. വിഷയം ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ആയിട്ടില്ല. കാനം രാജേന്ദ്രന്റെ നിലപാടിന് പൂര്‍ണ്ണ പിന്തുണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.