Koyilandi:അരിക്കുളത്ത് ഐസ്ക്രീംIce cream കഴിച്ചു കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) യുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ താഹിറ (34) യെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച അഹമ്മദ് ഹസൻ റിഫായിയുടെ പിതൃസഹോദരിയാണ് താഹിറ.
ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടർന്ന് ഛർദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത അഹമ്മദ് ഹസൻ റിഫായി പിറ്റേന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. ബാലന്റെ ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാതിരുന്നതിനാൽ അവർ രക്ഷപ്പെട്ടു. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Advertisementഅഹമദ് ഹസൻ റിഫായിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ശക്തമാക്കിയത്. ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തെ തുടർന്ന് കട താൽക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകൾ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നിരവധി പേരിൽനിന്നു പൊലീസ് മൊഴിയെടുത്തു. റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈഎസ് പി.ആർ.ഹരിപ്രസാദ്, പൊലീസ് ഇൻസ്പെക്ടർ കെ.സി.സുബാഷ് ബാബു, എസ്ഐ വി.അനീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

You must log in to post a comment.