BJP, SureshGopiMP,

പദവിയില്ലാതെ തുടരാന്‍ താത്പര്യമില്ല’ സുരേഷ് ഗോപി സജീവ രാഷ്ട്രീയം വിടുന്നെന്ന് സൂചന;

കൊച്ചി: സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ താത്പര്യമില്ലെന്ന് മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി ബിജെപി നേതൃത്വത്തെ അറിയിച്ചതായി സൂചന. പദവികള്‍ ഇല്ലാതെ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും എതെങ്കിലും പദവി നല്‍കിയാല്‍ തുടരുമെന്നും നേതൃത്വത്തെ അറിയച്ചതയാണ് വിവരം. രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപിക്ക് പിന്നീടൊരു ടേം അവസരം നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല.2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപി മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനായിരുന്നു അദ്ദേഹത്തിന് പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം. 2024ല്‍ അദ്ദേഹത്തെ തന്നെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു പാര്‍ട്ടി നീക്കം.ഇതിനെത്തുടര്‍ന്ന് രാജ്യസഭാ എംപിയായിരുന്നപ്പോഴും അതിന് ശേഷവും നടന്‍ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ക്ക് ദേവസ്വങ്ങള്‍ തന്നെ അദ്ദേഹത്തെ പരസ്യമായി അഭിനന്ദിച്ച് രംഗത്ത് വരുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടെയാണ് പദവികള്‍ ഇല്ലാതെ പ്രവര്‍ത്തക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും സുരേഷ് ഗോപിക്ക് നല്ല ബന്ധമാണുള്ളത്. എംപിയായതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള മന്ത്രിയായി സുരേഷ് ഗോപിയെ പരിഗണിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനായിരുന്നു നറുക്ക് വീണത്. തനിക്ക് വീണ്ടും രാജ്യസഭയിലേക്ക് വീണ്ടും ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷ സുരേഷ് ഗോപി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ടേമിലെ അവസാന ദിവസം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഈ ടേമിലെ’ അവസാന മീറ്റിംഗ് എന്ന് ട്വീറ്റ് ചെയ്തിരുന്നു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കായി അദ്ദേഹം സജീവ പ്രചാരണത്തിന് ഉണ്ടായിരുന്നെങ്കിലും വിവിധ ആവശ്യങ്ങളുമായി സമീപിച്ച ആളുകളെ ഇപ്പോള്‍ തനിക്ക് സ്ഥാനങ്ങളൊന്നുമില്ലെന്നും അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂചന നല്‍കി സിനിമയില്‍ സജീവമാകുകയാണെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

Leave a Reply