ഭര്‍ത്താവിന്റെ മാനസികപീഡനം; യുവതി തൂങ്ങിമരിച്ചനിലയില്‍;

കടുത്തുരുത്തി: ബന്ധുവീട്ടിൽ യുവതി തൂങ്ങിമരിച്ചത് ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലമെന്ന് യുവതിയുടെ അച്ഛന്റെ പരാതി. കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിൻ മാത്യുവിന്റെ ഭാര്യ എലിസബത്തിനെ(31) ഞീഴൂരുള്ള ബന്ധുവീട്ടിലെ കുളിമുറിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ്നാട് ചെങ്കൽപേട്ടിൽ താമസിച്ച് ജോലിചെയ്യുന്ന എലിസബത്തിന്റെ പിതാവ് കൊച്ചംപറമ്പിൽ തോമസ് കടുത്തുരുത്തി പോലീസിൽ പരാതി നൽകി.

വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് എലിസബത്തിനെ ബന്ധുവീട്ടിലെ കുളിമുറിയിൽ ഷാളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഉഴവൂർ കോളേജിൽ ഗസ്റ്റ് ലക്ചററായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനും തമ്മിലുള്ള വിവാഹം 2019 ജനുവരിയിലായിരുന്നു. ഇവർക്ക് രണ്ടുവയസ്സുള്ള മകളുണ്ട്. 60 പവന്റെ സ്വർണാഭരണങ്ങളും മൂന്നുലക്ഷം രൂപയും വിവാഹസമയത്ത് നൽകിയിരുന്നതായി പരാതിയിൽ പറയുന്നു. എലിസബത്തിന് ശമ്പളം കുറവാണെന്നും പത്ത് ലക്ഷം രൂപ വീട്ടിൽനിന്നും വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കെവിനും അമ്മയും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായി തോമസ് പറഞ്ഞു.

എലിസബത്ത് ഗർഭിണിയായ സമയത്ത് തമിഴ്നാട് ചെങ്കൽപ്പേട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് കെവിനും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

2020-ൽ കെവിൻ വിവാഹമോചനം ആവശ്യപ്പെട്ട് ഏറ്റുമാനൂർ കുടുംബക്കോടതിയിൽ പരാതി നൽകി. വിവാഹമോചന കേസിൽ കൗൺസലിങ് നടന്നുവരുന്നതിനിടെയാണ് എലിസബത്തിന്റെ മരണം. ഇവരുടെ രണ്ട് വയസ്സുള്ള കുഞ്ഞ് കെവിന്റെ വീട്ടുകാർക്കൊപ്പമാണ്. വ്യാഴാഴ്ച കുഞ്ഞിന്റെ ജന്മദിനമായിരുന്നു. കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടെങ്കിലും ഭർത്താവിന്റെ വീട്ടുകാർ കുഞ്ഞിനെ കാണാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഇതേത്തുടർന്നുള്ള മാനസിക വിഷമത്തിലാണ് ബന്ധുവീട്ടിലെത്തിയ എലിസബത്ത് കുളിമുറിയിൽ തൂങ്ങിമരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. കേസെടുത്തതായി കടുത്തുരുത്തി എസ്.ഐ. വിബിൻ ചന്ദ്രൻ പറഞ്ഞു. എലിസബത്തിന്റെ സംസ്കാരം ശനിയാഴ്ച മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top