പരസ്യബോർഡുകളിൽ പ്രസ്സിന്റെയും ഏജൻസിയുടെയും വിലാസം വേണം ഹൈക്കോടതി;

വെബ് ഡസ്ക് :-പൊതുസ്ഥലങ്ങളിലെ പരസ്യ ബോര്‍ഡുകളിലും ബാനറുകളിലും പരസ്യ ഏജന്‍സിയുടെയും പ്രിന്റിംഗ് പ്രസ്സിന്റെയും വിലാസവും ഫോണ്‍ നമ്പറും ശ്രദ്ധിക്കത്തക്ക രീതിയില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബോര്‍ഡില്‍ താഴെ ഭാഗത്ത് ഇത് നല്‍കണമെന്നും നിയമലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നടപടി സ്വീകരിക്കാനാണിതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.



നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഉചിതമായ അന്വേഷണത്തിന് ശേഷം പ്രിന്റിംഗ് പ്രസ്സിന്റെയും പരസ്യ ഏജന്‍സിയുടെയും ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടികൾ എടുക്കുമെന്നും കോടതി പറഞ്ഞു. പാതയോരങ്ങളിലും നടപ്പാതകളിലെയും അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കോടതി നിര്‍ദേശപ്രകാരം നേരത്തെ നടപടിയെടുത്തെങ്കിലും ഇപ്പോള്‍ വീണ്ടും പഴയ സ്ഥിതിയില്‍ എത്തുകയാണെന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കുറച്ച് ദിവസമായി ഈ കേസിനെക്കുറിച്ച്‌ കോടതി നിശബ്ദമായിരുന്നു.

അതിനാല്‍ വീണ്ടും അനധികൃത കൊടികളും ബാനറുകളും വ്യാപകമാകുകയാണ്. തദ്ദേശഭരണ സെക്രട്ടറിമാരും ഫീല്‍ഡ് സ്റ്റാഫുമാരും നടപടിയെടുക്കണം. നഗ്നമായ നിയമ ലംഘനമാണ് നടക്കുന്നതെന്നും കോടതി വ്യക്തമാക്കി. കോടതിയുടെയും റോഡ് സുരക്ഷ കമ്മീഷണറുടെയും ഉത്തരവുകള്‍ ലംഘിക്കുകയാണ്. രാഷ്ട്രീയ സ്വാധീനമാണ് കാരണം. നടപ്പാതകള്‍, മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കൊടികളും ബോര്‍ഡുകളും മറ്റും വയ്ക്കരുതെന്ന് നിര്‍ദേശമുണ്ട്.



അനധികൃത ബോര്‍ഡുകളും കൊടികളുമൊക്കെ മാറ്റണമെന്ന് കോടതി ഇതിനോടകം 20 മുതല്‍ 25 വരെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നീക്കിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പലതവണ മുന്നറിയിപ്പ് നല്‍കിയെന്നും കോടതി പറഞ്ഞു.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top