നാഗര്‍കോവില്‍: കാമുകനെ വിവാഹം കഴിക്കാന്‍ ഒന്നര വയസുള്ള കുഞ്ഞിനെ ഉപ്പുമാവില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റുചെയ്‌തു.
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം കുലക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാര്‍ത്തികയാണ് (21) അറസ്റ്റിലായത്. ഇളയമകന്‍ ശരണാണ് മരിച്ചത്. മൂത്ത മകള്‍ സഞ്ജന (3) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജഗദീഷിനെ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് കാര്‍ത്തിക ഫോണില്‍ വിളിച്ച് ഇളയമകന്‍ ബോധംകെട്ട് വീണതായി പറഞ്ഞു. ഉടന്‍തന്നെ ജഗദീഷ് വീട്ടിലെത്തി കുട്ടിയെ മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തക്കല ഡിവൈ.എസ്.പി ഗണേശന്‍, മാര്‍ത്താണ്ഡം ഇന്‍സ്‌പെക്ടര്‍ സെന്തില്‍ വേല്‍കുമാര്‍ എന്നിവര്‍ കാര്‍ത്തികയെയും ജഗദീഷിനെയും കസ്റ്റഡയിലടുത്തശേഷം മൃതദേഹം ഇന്‍ക്വസ്റ്റിനായി ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. രാത്രി 10ഓടെ മൂത്തമകള്‍ സഞ്ജന അച്ഛനെ കാണണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അമ്മൂമ്മ മാര്‍ത്താണ്ഡം സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെവച്ച് സഞ്ജനയ്‌ക്കും ബോധക്ഷയമുണ്ടായി.
ഉടന്‍ കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥര്‍ മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തുടര്‍ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയപ്പോഴാണ് സംഭവം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ടായത്. തുടര്‍ന്ന് കാര്‍ത്തികയെ ചോദ്യം ചെയ്‌തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കാര്‍ത്തികയെ റിമാന്‍ഡ് ചെയ്‌തു.
*👉ഉപ്പുമാവില്‍ വിഷം കലര്‍ത്തി*
കളിയിക്കാവിള ഇന്‍സ്‌പെക്ടര്‍ എഴില്‍അരസി കാര്‍ത്തികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റം സമ്മതിച്ചത്. രണ്ടുമാസം മുമ്ബ് മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോള്‍ അവിടെ പച്ചക്കറിക്കട നടത്തുന്ന സുനിലുമായി കാര്‍ത്തിക അടുപ്പത്തിലായി. വിവാഹിതയല്ലെന്നു പറഞ്ഞ് സുനിലിന്റെ മൊബൈല്‍ നമ്ബര്‍ വാങ്ങി. തുടര്‍ന്നുള്ള അടുപ്പം പ്രണയമായി. എന്നാല്‍ കാര്‍ത്തിക വിവാഹിതയാണെന്ന കാര്യം സുനിലറിഞ്ഞു. ഇക്കാര്യം ചോദിച്ചപ്പോള്‍ വിവാഹിതയാണെന്നും തനിക്ക് ഒരുകുട്ടിയുമുണ്ടെന്ന് പറഞ്ഞതോടെ സുനില്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സുനിലിനെ കാര്‍ത്തിക ശല്യപ്പെടുത്തുന്നത് പതിവായി.
കുട്ടികളെ കൊലപ്പെടുത്തിയിട്ട് ചെന്നാല്‍ സുനില്‍ തന്നെ വിവാഹം കഴിക്കുമെന്ന ചിന്തയാണ് കുട്ടികളെ വിഷം കൊടുത്ത് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് കാര്‍ത്തിക പൊലീസിനോട് പറഞ്ഞു. വീട്ടില്‍ എലിശല്യം കൂടുതലാണെന്നു പറഞ്ഞ് ജഗദീഷിനെക്കൊണ്ട് ഏതാനും ദിവസം മുമ്ബ് എലിവിഷം വാങ്ങിപ്പിച്ചു. അയല്‍ക്കാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ആളുകളുടെ മുന്നില്‍വച്ച് വീടിനുചുറ്റും വിഷംവയ്‌ക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് സേമിയ ഉപ്പുമാവിലാണ് വിഷം കലര്‍ത്തി നല്‍കിയത്. സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോള്‍ കാര്‍ത്തിക വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സുനിലിനെ ശല്യപ്പെടുത്തിയതായി വ്യക്തമായി.
You must log in to post a comment.