ദുബൈ: കനത്ത വേനൽചൂടിൽ യുഎഇ വെന്തുരുകുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. സമീപകാലത്ത് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. ശനിയാഴ്ച ഉച്ചക്ക് 2.30 ന് അബുദാബി അൽ ദഫ്റാ മേഖലയിലെ ബഡാ ദഫാസിലാലണ് താപനില 50.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷവും അബുദബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്‌റയിൽ താപനില 49 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. അബുദാബി, ദുബൈ എന്നിവിടങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുകയാണ്. കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസാണ്. അൽദഫ്‌റ മേഖലയിൽ ഇന്നും ചൂട് 49 ഡിഗ്രിക്ക് മുകളിലുണ്ട്.
ചിലയിടങ്ങിൽ മേഘാവൃതമായ കാലാവസ്ഥ താപനില വർധിപ്പിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ഈയാഴ്ച ചൂട് വർധിക്കുമെന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും ചൂടേറിയ സമയങ്ങളിൽ വീടിനുള്ളിൽ തന്നെ കഴിയാനും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ യുഎഇയിൽ സെപ്തംബർ വരെ ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഫുഡ് ഡെലിവറി ഉൾപ്പെടെ അവശ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയങ്ങളിലും ജോലിക്കിറങ്ങേണ്ടിവരും.
You must log in to post a comment.