Hate speech at the Hindu Maha Sammelan; PC George's attempt to create communal divisions;

ഹിന്ദുമഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റേത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം;

തിരുവനന്തപുരം: ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരേ പരാതി നല്‍കി യൂത്ത് ലീഗ്.മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണ് പ്രസംഗമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പരാതി നല്‍കിയത്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.
പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവകരമായ വര്‍ഗീയ പ്രചാരണമാണ് സമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയത്. ഈ പരാമര്‍ശങ്ങള്‍ മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ കാരണമാകുമെന്നും,അതിനാല്‍ ഐപിസി 153 എ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്.’ഞാന്‍ ഈയൊരു യോഗത്തിന് വേണ്ടി മാത്രമാണ് ഈരാറ്റുപേട്ടയില്‍ നിന്ന് വന്നത്. ഈരാറ്റുപേട്ട എന്ന് പറയുന്നത് ലോകത്ത് ഏറ്റവുമധികം മുസ്‌ലിങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണ്. ആകെയുള്ള ജനസംഖ്യയുടെ 97 ശതമാനവും മുസ്‌ലിങ്ങളാണ്.ബാക്കി എന്നെപ്പോലെ ചില പാവപ്പെട്ട ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ അവിടെയുള്ളൂ.ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്‌ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്.ഇതൊക്കെ ആലോചിച്ച് ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും’. ‘ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്’ പി സി ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരേ പരാതി നല്‍കിയത്. ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ കോപ്പി ഫേസ്ബുക്ക് പേജിലൂടെ ഫിറോസ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.


Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,