വെബ് ഡസ്ക് :-മതവിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 153 എ 295 വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്.അതേസമയം ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.
എറണാകുളം പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കാര്യങ്ങള്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നത്. പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ പൊലീസ് ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് അരങ്ങേറിയത്. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്നും ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന് തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകളും കോടതിക്കു നല്കി. കേസ് ഈ മാസം 17ലേക്ക് മാറ്റി.
പി സി ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം
നേരത്തേ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജിനോട്, വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ കോടതിക്ക് പുറത്തുവെച്ച് തന്നെ ജോര്‍ജ് ലംഘിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പൊതുപരിപാടിയില്‍ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയത്.