Skip to content

‘പ്രേതങ്ങള്‍’ക്കെതിരേ കേസെടുത്ത് ഗുജറാത്ത് പോലീസ്

ഗുജറാത്ത്‌ :-ഒരുകൂട്ടം പ്രേതങ്ങൾ തന്നെ നിരന്തരം ഉപദ്രവിക്കുന്നു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു, ജീവൻ രക്ഷിക്കണം’. 35-കാരന്റെ പരാതി കേട്ട് ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്റ്റേഷനിലെ പോലീസുകാർ ആദ്യമൊന്ന് ഞെട്ടി. ഒടുവിൽ പരാതിക്കാരൻ മാനസികപ്രശ്നം ഉള്ളയാളാണെന്ന് മനസിലായതോടെ പോലീസുകാർ ആ പരാതി സ്വീകരിച്ചു. യുവാവിനെ അനുനയിപ്പിക്കാനായി രണ്ട് പ്രേതങ്ങൾക്കെതിരെ പരാതി സ്വീകരിച്ച് കേസെടുക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെയാണ് യുവാവ് വ്യത്യസ്തമായ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ പ്രേതങ്ങളുടെ ഒരു സംഘം വന്നെന്നും അവർ തന്നെ ഉപദ്രവിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു യുവാവ് പറഞ്ഞത്. പോലീസ് തന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രേതങ്ങൾ എങ്ങനെയാണ് വന്നതെന്നും കൃത്യമായി വിശദീകരിച്ചുനൽകി. തന്റെ പരാതി സ്വീകരിച്ച് കേസെടുക്കണമെന്ന് മാത്രമായിരുന്നു ഇയാളുടെ ആവശ്യം.

സ്റ്റേഷനിലെത്തിയ പരാതിക്കാരന്റെ അസാധാരണ പെരുമാറ്റം കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് പോലീസിന് മനസിലായി. എന്നാൽ, ഇയാളോട് എതിർത്തൊന്നും പറയാതെ പോലീസ് ഉദ്യോഗസ്ഥർ പരാതി സ്വീകരിച്ചു. അത് പരാതിക്കാരന് കാണിച്ചുനൽകുകയും ചെയ്തു. ഇതോടെ, ഏറെ അസ്വസ്ഥനായിരുന്ന പരാതിക്കാരനും ശാന്തനായി.

പരാതി സ്വീകരിച്ചതിന് പിന്നാലെ യുവാവിന്റെ ബന്ധുക്കളെ പോലീസ് ഫോണിൽ ബന്ധപ്പെട്ടു. ഇതോടെയാണ് യുവാവിന് മാനസികപ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിട്ടില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. പിറ്റേ ദിവസം പരാതിക്കാരനെ പോലീസ് സ്റ്റേഷനിൽനിന്ന് നേരിട്ട് വിളിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽവെച്ച് പ്രേതങ്ങൾ തന്നെ ഉപദ്രവിക്കാൻ ധൈര്യപ്പെടില്ലെന്ന ഉറപ്പിലാണ് താൻ സ്റ്റേഷനിലേക്ക് വന്നതെന്നായിരുന്നു ഇയാളുടെ മറുപടി. എന്തായാലും യുവാവ് കൃത്യമായി മരുന്ന് കഴിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പോലീസ് ബന്ധുക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading