കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ക്ഷണം. ദേശീയ തലത്തിൽ ആസൂത്രണം ചെയ്യുന്ന സെമിനാറിൽ പങ്കെടുക്കാൻ സിപിഎം ക്ഷണിച്ചതായി ജിഫ്രി തങ്ങൾ അറിയിച്ചു. അതേസമയം, സെമിനാറിൽ പങ്കെടുക്കുന്ന കാര്യം സംഘടനയിൽ ആലോചിക്കുമെന്നും അതിനുശേഷം തീരുമാനം എടുക്കുമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
അതേസമയം, സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയെ സെമിനാറിന്റെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സിപിഎം. വൈസ് ചെയർമാൻമാരുടെ പട്ടികയിലാണ് സിപിഎം ഉൾപ്പെടുത്തിയത്. വിഷയത്തിൽ പ്രതികരണവുമായി മുസ്തഫ മുണ്ടുപാറ രംഗത്തെത്തി. തൻ്റെ പേര് എങ്ങനെ വന്നു എന്നതിനെ കുറിച്ച് അറിയില്ലെന്ന് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. സമസ്ത എടുക്കുന്ന നിലപാടിന് ഒപ്പം നിൽക്കും. സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ടെന്ന് നേരത്തെ ഇടതു നേതാക്കൾ പറഞ്ഞിരുന്നു. സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തന്നെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡ് വിഷയത്തിൽ സമസ്ത ഇന്ന് കൺവെൻഷൻ വിളിച്ചിട്ടുണ്ട്. തുടർനടപടികൾ ചർച്ച ചെയ്യാനാണ് കൺവെൻഷൻ.
ഈ മാസം 15ന് കോഴിക്കോട്ടാണ് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ. എന്നാല്‍ ഇത് വിവാദമാക്കേണ്ടെന്നാണ് സിപിഎം വിശദീകരണം. കെപി രാമനുണ്ണിയാണ് സംഘടാക സമിതി ചെയര്‍മാന്‍. എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സമസ്ത സിപിഎമ്മിനോട് അടുക്കുന്നു എന്ന വിലയിരുത്തലുകള്‍ക്കിടെ സിപിഎം നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലീഗിനും ക്ഷണം നല്‍കിയിട്ടുണ്ടെന്നും സിപിഎം വിശദീകരിക്കുന്നു.
Gifri-thangal-said-that-the-organization-will-consider-participating-in-the-seminar
You must log in to post a comment.