ചക്രക്കസേരയിൽനിന്ന് പദ്മശ്രീയിലേക്ക് കെ വി റാബിയ;

തിരൂരങ്ങാടി : ഒരു ചക്രക്കസേരയിലിരുന്ന് രാജ്യത്തിന്റെ നെറുകയോളം സഞ്ചരിച്ച കഥയാണ് കെ.വി. റാബിയയ്ക്കു പറയാനുള്ളത്. തളർന്ന ശരീരത്തിനുള്ളിൽ തളരാത്ത ഒരു മനസ്സുണ്ടാക്കിയാണ് ഈ സഞ്ചാരം. അതിനു രാജ്യംനൽകിയ ബഹുമതിയാണ് പദ്മശ്രീ. 56-ാം വയസ്സിൽ പദ്മത്തിളക്കത്തിൽ നാടറിയുമ്പോഴും വെള്ളിനക്കാട്ടെ വീട്ടിലെ കട്ടിലിൽ തളർന്നുകിടപ്പാണ് സാക്ഷരതാപ്രവർത്തകയായ കെ.വി. റാബിയ.വെള്ളിനക്കാട്ടെ പരേതരായ മൂസക്കുട്ടി -ബിയ്യാച്ചുട്ടി ദമ്പതിമാരുടെ മകളാണ് റാബിയ. കടലുണ്ടിപ്പുഴയോരത്തുള്ള റാബിയയുടെ വീട് വർഷങ്ങളായി തിരൂരങ്ങാടിയിലെ സാംസ്കാരികകേന്ദ്രം കൂടിയാണ്. ഗ്രന്ഥാലയം, ഭിന്നശേഷിക്കാരുടെയും സ്ത്രീകളുടെയും പുനരധിവാസം, പാലിയേറ്റീവ് പ്രവർത്തനം, കുടുംബ ബന്ധങ്ങളിലെ പ്രശ്‌നപരിഹാരങ്ങൾ തുടങ്ങി റാബിയയ്ക്കു മുന്നിലെത്താത്ത വിഷയങ്ങളില്ല. എല്ലാത്തിനും പരിഹാരങ്ങളുണ്ടാക്കുമ്പോഴുള്ള ആ സന്തോഷമാണ് റാബിയയുടെ ജീവിതത്തിന്റെ വെളിച്ചം .ഒൻപതാംക്ലാസിൽ പഠിക്കുമ്പോഴാണ് റാബിയ കൂടുതൽ തളരുന്നത്. ഒട്ടേറെ പ്രയാസങ്ങൾക്കിടയിൽ ജീവിച്ച ഉമ്മയ്ക്ക് റാബിയയുൾപ്പെടെ ആറു പെൺകുട്ടികളായിരുന്നു. ശരീരംതളർന്നതോടെ പഠനം വെല്ലുവിളിയായി. ഉപ്പയുടെ അനുജനാണ് ഈ കാലയളവിൽ തിരൂരങ്ങാടി ഗവ. ഹൈസ്കൂളിലേക്ക് സൈക്കിളിൽ കൊണ്ടുപോയിരുന്നത്. പ്രീഡിഗ്രി പഠനത്തിനായി തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ ചേർന്നെങ്കിലും പരീക്ഷയ്ക്ക് ആറുമാസം മുൻപ് അരയ്ക്കുതാഴെ തളർന്ന് ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ വാതിലുകൾ അടഞ്ഞതോടെ പിന്നീട് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി. പുസ്തകവായന നൽകിയ അറിവും കരുത്തുമാണ് എല്ലാ വിജയങ്ങളിലേക്കുമെത്തിച്ചത്. സാക്ഷരതാ പ്രവർത്തനം സർക്കാർതലത്തിൽ ആരംഭിക്കുന്നതിനുമുൻപുതന്നെ കെ.വി. റാബിയ തന്റെ ചുറ്റുപാടുമുള്ളവരെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് ഇവരുടെ പ്രവർത്തനം ഏറ്റവും പ്രശംസപിടിച്ചുപറ്റി. ഇടക്കാലത്ത് അർബുദം ശരീരത്തെ വീണ്ടും തളർത്തിയെങ്കിലും റാബിയയുടെ മനസ്സിനെ തളർത്താനായില്ല.1993-ൽ ലഭിച്ച നാഷണൽ യൂത്ത് അവാർഡ് അടക്കം സാക്ഷരതാപ്രവർത്തനത്തിന് ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി. വെള്ളിനക്കാട്ടെ വീട്ടിൽ സഹോദരിയുടെ മക്കളോടൊപ്പമാണ് റാബിയ ഇപ്പോൾ കഴിയുന്നത്.

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top