അബുദാബി :മൂന്നു ആഴ്ചത്തെ അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ നാളെ തുറക്കും. 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് എടുത്തവർക്കു മാത്രമാണു പ്രവേശനം. 2 വർഷത്തിനു ശേഷമാണു യുഎഇയിലെ മുഴുവൻ വിദ്യാർഥികളും സ്കൂളിൽ നേരിട്ടു പഠിക്കാനെത്തുന്നത്.വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു. അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഉള്ള സ്കൂളുകളാണു നാളെ തുറക്കുക. ദുബായിലെ സ്കൂളുകൾ കഴിഞ്ഞ ആഴ്ച തുറന്നിരുന്നു. ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയനം ആരംഭിക്കുമ്പോൾ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ മൂന്നാംപാദ പഠനച്ചൂടിലേക്കു കടക്കും.

ഇവർക്കു സെപ്റ്റംബറിലാണ് പുതിയ അധ്യയനം തുടങ്ങുക. വിദ്യാർഥികൾ 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായാണു സ്കൂളിൽ എത്തേണ്ടത്. എത്തുന്നതിനു മുൻപു പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം അതത് സ്കൂളിന്റെ പോർട്ടലിലോ ഗൂഗിൾ ലിങ്കിലോ അപ് ലോ‍ഡ് ചെയ്യുകയും വേണം. അബുദാബിയിൽ വിദ്യാർഥികൾക്കു പിസിആർ ടെസ്റ്റ് എടുക്കാൻ സൗജന്യ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.സ്കൂൾ ഐഡി, എമിറേറ്റ്സ് ഐഡി, സ്കൂൾ കോഡ് എന്നിവ സഹിതം സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത കേന്ദ്രങ്ങളിലും എത്തിയാൽ പിസിആർ ടെസ്റ്റ് എടുക്കാം. വാക്സീൻ എടുക്കാത്ത വിദ്യാർഥികൾ മസ്ദാർ സിറ്റിയിലെ ബയോജെനിക് ലാബിലെത്തിയാണു പിസിആർ എടുക്കേണ്ടത്. തിരക്ക് കണക്കിലെടുത്ത് ചില കേന്ദ്രങ്ങളിൽ 24 മണിക്കൂർ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും പിസിആർ നിർബന്ധമാണ്. വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു പിസിആർ നിബന്ധനയെന്ന് അബുദാബി, വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചു.ഗുരുതര ആരോഗ്യ പ്രശ്നമുള്ള വിദ്യാർഥികൾ ആരോഗ്യവിഭാഗം സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വാക്സീൻ എടുക്കാത്ത വിദ്യാർഥികൾ 7 ദിവസത്തിലൊരിക്കലും വാക്സീൻ എടുത്തവർ മാസത്തിൽ ഒരിക്കലും പിസിആർ ടെസ്റ്റ് എടുത്ത് ഗ്രീൻപാസ് നിലനിർത്തണം. അബുദാബിയിൽ ഇതുവരെ 1.25 ലക്ഷം വിദ്യാർഥികൾ (44% പേർ) കോവിഡ് വാക്സീൻ സ്വീകരിച്ചു. അധ്യാപക, അനധ്യാപക ജീവനക്കാരിൽ 97% (37299) പേരും വാക്സീൻ സ്വീകരിച്ചവരാണ്.


%%footer%%