𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

ഒരുമിക്കാം കൈകോർക്കാം, ഈ കാര്യങ്ങളിൽ ശ്രദ്ദിച്ചാൽ നമുക്ക് സിക്ക – ഡെങ്കി വൈറസിൽ നിന്ന് രക്ഷപെടാം.

വെബ് ഡസ്ക് :-കൊതുക്ജന്യ രോഗങ്ങളായ സിക്ക – ഡെങ്കിപനി ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കുക. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുക. മാലിന്യ നിര്‍മാര്‍ജ്ജനവും ഉറവിട നശീകരണവും പൊതുസമൂഹം ശീലമാക്കണം. വീടിനുള്ളിലും, പരിസരത്തും, പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാവരും കൈ കോര്‍ക്കുക. കൊതുക് നശീകരണത്തിന് വിവിധ കൂട്ടായ്മയുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കണം.

വൈറസ് വാഹകയായ കൊതുകിന്റെ കടിയേറ്റ് 3 മുതൽ 14 ദിവസത്തിനകം ചെറിയ പനി, ശരീരത്തില്‍ തിണര്‍പ്പ് എന്നീ ലക്ഷണങ്ങളോടെയാണ് സിക്ക രോഗം പ്രത്യക്ഷപ്പെടുന്നത്. ചിലരില്‍ കണ്ണിന് ചവപ്പുനിറവും പേശീവേദന, സന്ധി വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. രണ്ടു മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ഗര്‍ഭിണികള്‍ രോഗബാധ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധിതര്‍ക്ക് പൂര്‍ണ്ണവിശ്രമം അനിവാര്യം.

ധാരാളം പാനീയം കുടിക്കുകയും വേണം. രോഗലക്ഷണമുളളവര്‍ വിദഗ്ധ ചികിത്സ തേടണം. കൊതുക് കടി ഏല്‍ക്കാതിക്കലാണ് പ്രധാന പ്രതിരോധം. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗവാഹകര്‍. ശരീരം മുഴുവന്‍ മറയും വിധം വസ്ത്രം ധരിക്കണം. കൈകാലുകളില്‍ കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ഓഡോമോസ് പോലുള്ള ലേപനം പുരട്ടണം. രോഗപകര്‍ച്ച തടയുന്നതിന് കൊതുക് വല ശീലമാക്കാം. മഴക്കാലമായതിനാല്‍ എല്ലാ മേഖലകളിലും ഈഡിസ് കൊതുകിന്റെ സാന്ദ്രത കൂടുതലാണ്. സിക്ക വൈറസ് ബാധക്കും, ഡെങ്കിപ്പനി വ്യാപനത്തിനും അനുകൂലമാണ് സാഹചര്യം. ആരോഗ്യഭീഷണി ഒഴിവാക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.