വെബ്ഡസ്ക് :- എസ്.ഡി.പി.ഐ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിന്റെ പേരിൽ ആൾക്കൂട്ട മർദനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്കേറ്റ കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. തൃക്കുറ്റിശ്ശേരി വാഴയിന്റെ വളപ്പിൽ ജിഷ്ണുവിനെ ആൾക്കൂട്ടം മർദിച്ച കേസിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 29 പേർക്കെതിരെ ബാലുശ്ശേരി പൊലീസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്
എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പാലോളി മുക്കിൽവെച്ച് വ്യാഴാഴ്ച പുലർച്ചെ ജിഷ്ണുവിനെ പിടികൂടിയ സംഘം മർദിച്ച ശേഷം മൂന്നു മണിയോടെയാണ് ബാലുശ്ശേരി പൊലീസിൽ ഏല്പിച്ചത്. 30ഓളം പേർ ചേർന്ന് മർദിച്ചതായി ജിഷ്ണു പറയുന്നു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിന് ജിഷ്ണുവിന്റെ പേരിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ഫ്ലക്സ് നശിപ്പിക്കാൻ വടിവാളുമായെത്തിയ ജിഷ്ണുവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നുവെന്നും ബോർഡും കൊടിയും നശിപ്പിക്കാൻ പറഞ്ഞുവിട്ട സി.പി.എം പ്രാദേശിക നേതാക്കളുടെ പേര് ജിഷ്ണു വെളിപ്പെടുത്തിയെന്നും എസ്.ഡി.പി.ഐ പ്രവർത്തകർ പറഞ്ഞു.അതേസമയം, പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ ബൈക്ക് തടഞ്ഞുനിർത്തി മൂന്നംഗ സംഘം ആദ്യം മർദിക്കുകയും പിന്നീട് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി കൂട്ടമായി മർദിക്കുകയുമായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു. തോട്ടിലെ വെള്ളത്തിൽ തല പലതവണ മുക്കിയും വടിവാൾ കഴുത്തിൽവെച്ചും ഭീഷണിപ്പെടുത്തി.
സി.പി.എം നേതാക്കൾ പറഞ്ഞിട്ടാണ് കൊടിതോരണങ്ങളും ബോർഡും നശിപ്പിച്ചതെന്നു നിർബന്ധിപ്പിച്ച് പറയിപ്പിക്കുകയും ഇത് വിഡിയോയിൽ പകർത്തുകയും ചെയ്തതായി ജിഷ്ണു പൊലീസിൽ മൊഴി നൽകി.
ബൈക്കിന്റെ ഇന്ധനം തീർന്നുപോയെന്ന് പറയിപ്പിച്ച് മൂന്നു സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും ഇതിൽ സഹോദരനടക്കം രണ്ടുപേരെ സംഘത്തിൽപെട്ടവർ മർദിക്കുകയും ചെയ്തതായി ജിഷ്ണു പറഞ്ഞു. രണ്ടു മണിക്കൂറോളം ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് പൊലീസിനെ അറിയിച്ചത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ജിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും സാരമായ പരിക്കേറ്റതിനാൽ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു