വെബ് ഡസ്ക് :-2021 ഡിസംബര്‍ പകുതിയോടെ ദുബായ് വിമാനത്താവളം പൂര്‍ണ സജ്ജമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയ്ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പ്രത്യേക ‘സ്മാര്‍ട്ട് പദ്ധതി’ ആവിഷ്‌കരിച്ചിരുന്നു. ഇതോടെയാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ മാത്രം നടത്തുന്നവയില്‍ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബായിക്ക് ലഭിച്ചത്. ഡിസംബറില്‍ 35.42 ലക്ഷം സീറ്റുകളാണ് ദുബായ് നല്‍കിയത്.
രണ്ടാം സ്ഥാനത്തുള്ള ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ദുബായിയെക്കാള്‍ 10 ലക്ഷം സീറ്റുകള്‍ കുറവായിരുന്നുവെന്ന് ആഗോള സഞ്ചാര വിവരദാതാക്കളായ ഒ.എ.ജി വ്യക്തമാക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ആംസ്റ്റര്‍ഡാം വിമാനത്താവളം 24.2 ലക്ഷം സീറ്റുകളാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഒരു കോടി ആറുലക്ഷം യാത്രക്കാരാണ് ദുബായ് വഴി സഞ്ചരിച്ചത്. വര്‍ഷാവസാനത്തോടെ അത് രണ്ട് കോടി എണ്‍പത്തൊന്‍പത് ലക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാരിസിലെ ചാള്‍സ് ഡിഗു, ഇസ്തംബൂള്‍ ഫ്രാങ്ക്ഫര്‍ട്ട് , ദോഹ, മഡ്രിഡ് എന്നിവയാണ് തിരക്കേറിയ മറ്റ് രാജ്യാന്തര വിമാനത്താവളങ്ങള്‍.
