കൊച്ചി: എംഡിഎംഎ വില്പന നടത്തിയ കേസിൽ യുവതിയും യുവാവും പിടിയിൽ. മലപ്പുറം സ്വദേശി ഷംസീർ (31), പത്തനംതിട്ട സ്വദേശി പ്രിൽജ (23) എന്നിവരാണ് പൊലീസിൻറെ പിടിയിലായത്. ഇവരിൽനിന്ന് 13.91 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഉപയോക്താക്കൾക്കിടയിൽ ഇക്ക എന്നും അമ്മു എന്നുമാണ് ഇവർ അറിയപ്പെട്ടിരുന്നത്. തൃക്കാക്കരയിൽ നിന്നാണ് ഇവർ പിടിയിലായത്. പ്രിൽജയുമൊന്നിച്ച് ബംഗളൂരുവിൽ നിന്നാണ് ഷംസീർ ലഹരിമരുന്ന് കൊച്ചിയിൽ എത്തിച്ചിരുന്നത്. ആവശ്യപ്പെടുന്ന അളവുകളിൽ പ്രത്യേകം കവറുകളിൽ മയക്കുമരുന്ന് സംഘം എത്തിച്ചു കൊടുത്തിരുന്നു. ഇവരുടെ ഉപയോക്താക്കളിൽ ഏറെയും സ്ത്രീകളും വിദ്യാർഥികളുമാണെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ സേതുരാമൻ ഐപിഎസിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷ്ണർ ശശിധരൻ ഐപിഎസിൻറെ നിർദേശ പ്രകാരം അസിസ്റ്റൻറ് കമ്മീഷ്ണർ നാർകോടിക് അബ്ദുൽ സലാമിൻറെ മേൽനോട്ടത്തിൽ തൃക്കാക്കര പൊലീസും യോദ്ധാവ് സ്ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്.