കൊല്ലം: വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങാത്ത വിധം പൂട്ടാന്‍ അന്വേഷണ സംഘത്തിന് ഐജിയുടെ നിര്‍ദേശം. തൊണ്ണൂറു ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി. കിരണ്‍ നടുറോഡില്‍ വച്ചു പോലും വിസ്മയയെ മര്‍ദ്ദിച്ചിരുന്നുവെന്നതിന്‍്റെ തെളിവുകളും സാക്ഷിമൊഴികളും പൊലീസിന് കിട്ടി.
വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നല്‍കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പൊലീസ് ഇനിയും എത്തിയിട്ടില്ല.

അതെന്തായാലും ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരണ്‍കുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം.

90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഐജി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഭാര്യയെ പാമ്ബിനെ കൊണ്ടു കടിപ്പിച്ച്‌ കൊന്ന കേസിലെ പ്രതി സൂരജിന് ഒരു ഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. സമാനമായ വിധത്തില്‍ വിസ്മയ കേസും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് നിര്‍ദ്ദേശം.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേസിന് നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനിടെ നടുറോഡില്‍ പട്ടാപ്പകല്‍ പോലും വിസ്മയക്ക് കിരണില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി ചിറ്റുമല സ്വദേശിയായ ഹോം ഗാര്‍ഡും കുടുംബവും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ വിസ്മയയുടെ വീട്ടില്‍ നിന്ന് പോരുവഴിയിലെ കിരണിന്‍്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു മര്‍ദ്ദനം. അടിയേറ്റ വിസ്മയ കാറില്‍ നിന്ന് ഇറങ്ങിയോടി അഭയം പ്രാപിച്ചത് ഹോം ഗാര്‍ഡായ ആള്‍ഡ്രിന്‍്റെ വീട്ടിലാണ്.

ആളുകൂടിയതോടെ കിരണ്‍ കാര്‍ റോഡില്‍ ഉപേക്ഷിച്ച്‌ വിസ്മയയെ കൂട്ടാതെ മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞെന്നാണ് ആള്‍ഡ്രിന്‍്റെയും കുടുംബത്തിന്‍്റെയും മൊഴി. കിരണിനെ ഈ സ്ഥലത്ത് എത്തിച്ചും തെളിവെടുത്തു.

വിസ്മയ മരിച്ച ദിവസവും കിരണ്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് കിരണിനൊപ്പം മദ്യപിച്ചതായി സംശയിക്കുന്ന സുഹൃത്തുക്കളില്‍ ചിലരെയും ഉടന്‍ ചോദ്യം ചെയ്യും. കിരണിന്‍്റെ ബന്ധുക്കളില്‍ ചിലര്‍ക്കെതിരെയും മൊഴി ലഭിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം കിരണിന് പരമാവധി ശിക്ഷയുറപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കാനാണ് പൊലീസ് തീരുമാനം.

Leave a Reply