വെബ്ഡസ്ക്:- ഇടതുപക്ഷ സർക്കാറിനെ പിണറായി സർക്കാർ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ എൽ.ഡി.എഫ് മുഖ്യ ഘടക കക്ഷികളിലൊന്നായ സി.പി.ഐ രംഗത്ത്. സര്‍ക്കാരിലെ പിണറായി ബ്രാന്‍ഡിങ്ങിനെതിരേയാണ് സി.പി.ഐ രംഗത്തെത്തിയിരിക്കുന്നത്. സി.പി.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വിമര്‍ശനം.

പിണറായി സര്‍ക്കാരല്ല, എല്‍.ഡി.എഫ്. സര്‍ക്കാരാണെന്ന ഓര്‍മ വേണമെന്ന പരാമര്‍ശത്തോടെയായിരുന്നു വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പിണറായി ബ്രാന്‍ഡിങ് വിമര്‍ശിക്കപ്പെട്ടത്. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനംകൊണ്ട് അധികാരത്തില്‍വന്ന സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് വിളിക്കുന്നതാണ് വിമര്‍ശന വിധേയമായത്. സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ഇതുവരെ ഒരു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും കാണാത്ത ഈ പ്രവണതക്ക് തിരുത്തല്‍ വേണമെന്നായിരുന്നു പ്രതിനിധികളുടെ ആവശ്യം.

എല്‍.ഡി.എഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സി.പി.ഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലേത് പോലെ ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രവര്‍ത്തന റിപ്പോട്ടിന്മേലുള്ള ചര്‍ച്ചയിലും ഉണ്ടായത്.

രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ കാനം ആനി രാജക്ക് എതിരായ നിലപാടില്‍ ഉറച്ചുനിന്നു. മണിയുമായുള്ള വിഷയത്തിൽ ആനിയെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കി​ല്ലെന്ന് കാനം അറിയിച്ചു. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ കേരള നേതൃത്വത്തിന്റെ അഭിപ്രായം തേടണം എന്നും കാനം പറഞ്ഞു. കെ.കെ രമ എം.എൽ.എക്കെതിരായി എം.എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മണിക്കെതിരെ ആനി രാജ രംഗത്തെത്തിയിരുന്നു. ഇതുസംബനധിച്ചാണ് കാനത്തിന്റെ പ്രതികരണം.

Leave a Reply