𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

വനിതാ ഡോക്ടറെ കുത്തിക്കൊന്നസംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍:

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ഐഎംഎ അറിയിച്ചു. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാനവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം സ്വദേശിയായ ഹൗസ് സര്‍ജന്‍ വന്ദനാ ദാസ്(23) Doctor vandanaആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്.

അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സയിലിരിക്കേയാണ് വന്ദനാ ദാസ് മരിച്ചത്.

തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും യുവാവ് ആക്രമിക്കുകയായിരുന്നു. പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റ മറ്റു നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Doctor vandana murder case #Doctor vandana