
പാലക്കാട്: സി.പി.ഐയിൽ വിഭാഗീയത രൂക്ഷമാകുന്നു. പാലക്കാട് ജില്ലയിൽ സിപിഐക്കുള്ള ഏക എംഎൽഎ മുഹമ്മദ് മുഹ്‌സിൻ പാലക്കാട് ജില്ലാകൗൺസിലിൽനിന്നും രാജിവെച്ചു. മുഹ്‌സിനെ നേരത്തേ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാകൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പാലക്കാട് ജില്ലയിൽ സിപിഐയിലെ വിഭാഗീയത പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ ഇ ഇസ്മയിൽ പക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പാലക്കാട് ജില്ലയിൽ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന നേതാവ് ജില്ലാ സെക്രട്ടറിയായതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.
മുൻ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുൾപ്പെടെ മറ്റ് ആറുപേർകൂടി ജില്ലാ കൗൺസിലിൽനിന്ന് രാജിവെച്ചിട്ടുണ്ട്. പാർട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗമാണ് സീമ കൊങ്ങശ്ശേരി. ഇ.പി. ഗോപാലന്റെ മകൾ കെ.സി. അരുണ പട്ടാമ്പി മണ്ഡലം സെക്രട്ടേറിയറ്റിൽനിന്നു രാജിവെച്ചു. ജില്ലാനേതൃത്വത്തിന്റേത് ഏകപക്ഷീയനടപടികളെന്നാരോപിച്ചാണ് ഇവരുടെയെല്ലാം രാജി.
മണ്ണാർക്കാട്ടുനിന്ന് സീമ കൊങ്ങശ്ശേരിക്കുപുറമേ, പാലോട് മണികണ്ഠൻ, സി.കെ. അബ്ദുറഹ്‌മാൻ, നെന്മാറയിൽനിന്ന് എം.ആർ. നാരായണൻ, എം.എസ്. രാമചന്ദ്രൻ, കുഴൽമന്ദത്തുനിന്ന് ആർ. രാധാകൃഷ്ണൻ തുടങ്ങിയ ജില്ലാകൗൺസിൽ അംഗങ്ങളാണ് രാജിക്കത്ത് അയച്ചത്. അതേസമയം, നേതാക്കളുടെ രാജി സംബന്ധിച്ച് പ്രതികരിക്കാൻ പാർട്ടി നേതൃത്വം ഇനിയും തയ്യാറായിട്ടില്ല.
പട്ടാമ്പിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന ജില്ലാസമ്മേളനത്തിൽ വലിയതോതിൽ വിഭാഗീയപ്രവർത്തനം നടന്നെന്ന്, ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. സുരേഷ് രാജിനെ അനുകൂലിക്കുന്നവർ ആരോപിച്ചിരുന്നു. മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ അനുകൂലിക്കുന്നവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും സുരേഷ് രാജ് പക്ഷക്കാർ പറഞ്ഞിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തിരുന്ന കെ.ഇ. ഇസ്മയിൽ സംസാരിച്ചാൽ തീരാവുന്ന ബഹളമായിട്ടും അദ്ദേഹം മൗനംപാലിച്ചെന്ന് പാർട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നതായി സൂചനയുണ്ട്.
സമ്മേളനത്തിലുണ്ടായ വിഭാഗീയപ്രവണതകളെക്കുറിച്ചന്വേഷിക്കാൻ മുൻ ജില്ലാസെക്രട്ടറി ടി. സിദ്ധാർഥൻ കൺവീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്‌സിനെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാകൗൺസിലിലേക്ക് തരംതാഴ്ത്തിയത്.
You must log in to post a comment.